BreakingIndiaOthersPolitics

എൻഡിഎ മുന്നണിയിൽ കല്ലുകടി

ബിഹാർ:  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്ക് കാത്തുനിൽക്കാതെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്റെ ഈ നീക്കം സഖ്യകക്ഷിയായ ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ജെഡിയുവിന്റെ പരമ്പരാഗത സീറ്റായ രാജ്പൂരിലേക്ക് മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
സാധാരണയായി സഖ്യകക്ഷികളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഇത്തരം നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്താറ്. എന്നാൽ ഈ പതിവ് തെറ്റിച്ച് നിതീഷ് കുമാർ നടത്തിയ നീക്കം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജന ചർച്ചകൾ നടത്താനാണ് ബിജെപിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയിരുന്നത്. എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായി പട്ടികജാതി സംവരണ മണ്ഡലമായ രാജ്പൂരിൽ സന്തോഷ് കുമാർ നിരാല മത്സരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബക്സറിൽ നടന്ന പാർട്ടി യോഗത്തിൽ ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വേദിയിലിരിക്കെയാണ് ഈ പ്രഖ്യാപനം നടന്നത്.നിതീഷ് കുമാറിന്റെ ഈ നീക്കം ബിജെപിയെ അമ്പരപ്പിച്ചെങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദങ്ങൾ ഒഴിവാക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. “എൻഡിഎയുടെ നേതാവാണ് നിതീഷ് കുമാർ. ജെഡിയുവിന്റെ പരമ്പരാഗത സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്,” ബിജെപി നേതൃത്വം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *