BreakingBusinessKerala

കടമക്കുടിയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കും

കടമക്കുടി: കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. കടമക്കുടിയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുമുൾപ്പെടെയുള്ള പദ്ധതികൾക്ക് അടുത്തിടെ ചേർന്ന കടമക്കുടി ഇന്റർനാഷണൽ ടൂറിസം സെമിനാറിൽ രൂപം നൽകിയിരുന്നു.
ടൂറിസം രംഗത്തെ വിദഗ്ധരും സംരംഭകരും ഉദ്യോഗസ്ഥരും കർഷകരുമൊക്കെ പങ്കെടുത്ത സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ ഉൾപ്പെടെ സ്വരൂപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും അതു സംസ്ഥാന സർക്കാരിനു സമർപ്പിക്കുകയും ചെയ്തിരുന്നു.
ഒട്ടേറെ പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമായ കടമക്കുടിയുടെ ടൂറിസം സാധ്യതകൾ കൂടുതൽ സമ്പന്നമാക്കുന്നതിനും തദ്ദേശീയരായവർ ഉൾപ്പെടെയുള്ളവർക്ക് വരുമാന മാർഗം ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകളാണ് ഗ്രാമീണ കായൽ ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. കടമക്കുടിയുടെ ടൂറിസം വളർച്ചയ്ക്ക് കൂടുതൽ ഉപകരിക്കുന്നതിനു പദ്ധതി സഹായകരമാകുമെന്നും ദ്വീപുകളുടെ പൊതുവായ വികസനത്തിനും ഇതിലൂടെ വഴിതുറക്കപ്പെടുമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *