BreakingCrimeKerala

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ പിടിയിൽ

സ്വകാര്യ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത സൈബർ ആക്രമണത്തിന് ഇരയാവുകയും മാനസികമായി തകരുകയും ചെയ്തു.

വടകര: സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ ആരോപണത്തെയും അധിക്ഷേപത്തെയും തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ പിടിയിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മെഡിക്കൽ കോളേജ് പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.

ഷിംജിത വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും മംഗളൂരു ഭാഗത്തേക്ക് കടന്നതായും നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും വടകരയിൽ വെച്ച് തന്നെ പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഷിംജിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കാൻ ഇരിക്കുകയാണ്.

സ്വകാര്യ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത സൈബർ ആക്രമണത്തിന് ഇരയാവുകയും മാനസികമായി തകരുകയും ചെയ്തു. എന്നാൽ ബസ് ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഷിംജിതയുടെ ആരോപണം വ്യാജമാണെന്ന സൂചനയാണ് നൽകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *