ഓൺലൈൻ ഗെയിം.മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു
ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ 12, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാർ തങ്ങൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ചു
“അച്ഛാ ക്ഷമിക്കണം, ഞാൻ ശരിക്കും ഒറ്റപ്പെട്ടുപോയി” എന്നതായിരുന്നു ഇവരുടെ അവസാന വാക്കുകൾ. ഈ മരണം ഒരു പ്രത്യേക കൊറിയൻ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും കൊറിയൻ സംസ്കാരത്തോടുള്ള അമിതമായ ആരാധനയും മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതുമാണ് കാരണമെന്ന് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നു.
പെൺകുട്ടികൾക്ക് കൊറിയൻ സംസ്കാരത്തോടുള്ള താല്പര്യം അവരുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ കുട്ടികൾ ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവരുടെ ഫോൺ പിടിച്ചുവെച്ചതിൽ പ്രകോപിതരായാണ് ഇവർ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പെൺകുട്ടികളുടെ മുറിയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “ഒരു യഥാർത്ഥ ജീവിത കഥ. ഈ ഡയറിയിൽ എഴുതിയിരിക്കുന്നതെല്ലാം വായിക്കൂ, കാരണം അതെല്ലാം സത്യമാണ്. അച്ഛാ എന്നോട് ക്ഷമിക്കണം” എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് കൊറിയൻ ഗെയിം ആപ്പ് എന്ന ആരോപണം പോലീസ് തള്ളിക്കളഞ്ഞത്. കുട്ടികൾ കടുത്ത രീതിയിൽ കൊറിയൻ പോപ്പ് സംഗീതം, സിനിമകൾ, ഷോകൾ എന്നിവയ്ക്ക് അടിമകളായിരുന്നുവെന്ന് ഡയറിയിൽ നിന്ന് വ്യക്തമാണ്.

