India

അഭിമാനതാരങ്ങളെ ദേശദ്രോഹികളാക്കാനാവില്ല

ന്യൂഡൽഹി :ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരം ബിജെപിക്ക് നിർണായകമാകുന്നു. ബിജെപിയിലെ തന്നെ പല മുതിർന്ന നേതാക്കളും പരസ്യമായും രഹസ്യമായും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.ബിജെപിയുടെ വനിതാ എംപി പ്രീതം മുണ്ടെയുൾപ്പെടെയുള്ളവർ ഗുസ്തിക്കാർക്ക് അനുകൂലമായി രംഗത്തു വന്നത് ബ്രിജ്ഭൂഷൺ ശരൺസിങ് വിഷയത്തിൽ നിലപാടു മാറ്റാൻ ബിജെപിയെ നിർബന്ധിതരാക്കുന്നു. അയോധ്യയിൽ തിങ്കളാഴ്ച നടത്താനിരുന്ന സന്യാസിമാരുടെ റാലി മാറ്റാനുള്ള കാരണത്തിനു പിന്നിൽ ഇതാണെന്നറിയുന്നു.
ജനവികാരം ഗുസ്തിക്കാർക്ക് അനുകൂലമാണെന്നു യുപിയിലെ തന്നെ പ്രമുഖ നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി പാർട്ടി ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണെങ്കിലും സൈബർ വിങ് ബ്രിജ്ഭൂഷണു വേണ്ടി രംഗത്തിറങ്ങിയിരുന്നു.
അഭിമാനതാരങ്ങളെ ദേശദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമം, നിർഭയ കേസ് മൻമോഹൻ സിങ് സർക്കാരിനു തിരിച്ചടിയായതു പോലെ ഇതും മാറാനിടയാക്കുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നു. എന്തായാലും വരുംദിവസങ്ങളിൽ ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരം വീണ്ടും ശ്രദ്ധയാകർഷിക്കും എന്ന് ഉറപ്പായി

Leave a Reply

Your email address will not be published. Required fields are marked *