ജോസ് കെ മാണിയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
പാലാ : കേരള കോൺഗ്രസ് മാണി നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ജോസ് കെ മാണി യുടെ അവസ്ഥ അതിനേക്കാൾ ഭയാനകവും.യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാനുളള സാഹസിക തീരുമാനം ശരിയെന്ന് തെളിയിച്ച നേതാവ്, ‘കോഴ മാണീ’ എന്ന് വിളിപ്പിച്ചവരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമ്മിക്കാൻ തീരുമാനം എടുത്ത മകൻ. പല കാരണങ്ങളാൽ വ്യത്യസ്തനായ ജോസ് കെ മാണി എന്ന നേതാവിന് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഭാവി സാധ്യതകൾ എന്തെല്ലാമാവും. ധീരനായ ഒരു നേതാവ് എന്ന വിശേഷണം ജോസ് കെ മാണിക്കില്ല. പക്ഷേ ധീരമായ രാഷ്ട്രീയ തീരുമാനത്തിലൂടെ തന്റെ പാർട്ടിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായക മാറ്റം വരുത്തിയ നേതാവാണ് ജോസ് കെ മാണി. അത്രേമേൽ സാഹസികമായിരുന്നു യു ഡി എഫ് വിട്ട് എൽ ഡി എഫിൽ എത്താനുളള ജോസ് കെ മാണിയുടെ തീരുമാനം. പാളിപ്പോയാൽ തന്റെ രാഷ്ട്രീയ ഭാവി ഇരുളടയും എന്നു മാത്രമായിരുന്നില്ല, പിതാവ് കെ എം മാണി രൂപീകരിച്ച കേരള കോൺഗ്രസ് എം എന്ന രാഷ്ട്രീയ പാർട്ടി തകരാനോ പല കഷ്ണങ്ങളായി പിളരാനോ ഉളള സാധ്യതകൾ അത്രമേലായിരുന്നു. എന്നാൽ ഇടതു മുന്നണിയുടെ തുടർ ജയം വഴി തന്റെ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കാനും അതുവഴി കേരളത്തിലെ ഏറ്റവും ശക്തമായ കേരള കോൺഗ്രസായി മാണി ഗ്രൂപ്പിനെ നിലനിർത്താനും കഴിഞ്ഞു.
കെ എം മാണിയെ പോലെ രാഷ്ട്രീയ തന്ത്രജ്ഞതയിൽ കുശാഗ്രബുദ്ധിക്കാരനായ ഒരു നേതാവിന്റെ അഭാവത്തിൽ ജോസ് കെ മാണിക്ക് അധികകാലം ഈ പാർട്ടിയെ കൈപ്പിടിയിൽ നിർത്താനാവില്ല എന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. അധികാര തർക്കവും പിളർപ്പും കേരള കോൺഗ്രസുകളുടെ ജനിതക ഘടനയുടെ ഭാഗവുമാണ്. അങ്ങനെയൊരു പാർട്ടിയെ പിളർപ്പില്ലാതെ കേരള കോൺഗ്രസുകളിൽ ഒന്നാം നമ്പർ പാർട്ടിയായി ഇത്രകാലം നിലനിർത്താനായി എന്നത് തന്നെ വലിയ നേട്ടമാണ്. പുറമേയ്ക്കുളള പതിഞ്ഞ പ്രകൃതം പോലെയല്ല കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രജ്ഞത തനിക്കും കൈമുതലായുണ്ടെന്നും ജോസ് കെ മാണി തെളിയിച്ചു. ‘കോഴ മാണീ’ എന്ന് വിളിച്ച പാർട്ടിക്കാരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമിക്കാനും ജയ് വിളിപ്പിക്കാനും കഴിഞ്ഞ മകൻ കൂടിയാണ് ജോസ്.
ഈ നിയമസഭ തെരെഞ്ഞെടുപ്പിൽ പാർട്ടി യുടെ അഭിമാനം സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വവും ജോസ് കെ മാണിക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ജോസ് കെ മാണി എന്ന നേതാവും ആ പാർട്ടിയും അസ്‌തമിക്കും.

