മെയ് മാസം സിനിമ പ്രേമികള്‍ക്ക് തിരക്കു കാലം
മെയ് മാസം എത്തുന്നത്തോടെ മലയാള സിനിമ മേഖല ശക്തമായ തിരക്കിലേക്ക്. ഒത്തിരി മലയാള സിനിമകളാണ് റിലീസിന് തയ്യാറായിരിക്കുന്നത്.മെയ് 1 ന് റിലീസ് ചെയ്യാന്‍ പോകുന്ന പാട്രിയേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിൽ തുടങ്ങും.ലോകം പതിനെട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം, മഹേഷ് നാരായണന്റെ സംവിധാനം, സുശിന്‍ ശ്യാമിന്റെ സംഗീതം, ഫഹദ് ഫാസില്‍ കുഞ്ചാക്കോ ബോബന്, നയന്‍താര, രേവതി, രാജീവ് മേനോന് തുടങ്ങിയ വലിയൊരു താരനിര.. ഇതില്‍ കൂടുതലൊന്നും വേണ്ട പേട്രിയേറ്റിന് വേണ്ടിയുള്ള മലയാളികളുടെ കാത്തിരിപ്പിന്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം അത്രയും പ്രതീക്ഷ നല്കിയതായിരുന്നു.
. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് യുടെ അവസാന ചിത്രം ജനനായകന് മെയ് 8 ന് തിയേറ്ററുകളിലേക്കെത്തു. ചിത്രം ഓണ്‍ലൈനില്‍ ഇതിനോടകം ലീക്കായി എങ്കിലും, മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതം അവസാനിപ്പിക്കുന്ന വിജയ് യുടെ ചിത്രത്തിന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ആരാധകര്‍ അത്രയേറെ ആവേശത്തോടെയാണ് കാത്തിരിയ്ക്കുന്നത്. മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രിയമണി, പ്രകാശ് രാജ് തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
അതേ സമയം മെയ് എട്ടിന് മലയാളത്തില്‍ മറ്റൊരു റിലീസ് കൂടെയുണ്ട്, ഷൈന്‍ നിഗം നായകനാകുന്ന ദൃഢം. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ദൃഢം സംവിധാനം ചെയ്യുന്നത് മാര്ട്ടിന് ജോസഫാണ്.ആര്‍ജെ ബാലാജി സൂര്യയെ നായകനാക്കി ഒരുക്കുന്ന കറുപ്പ് എന്ന ചിത്രം മെയ് 14 ന് ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഫാന്റസി ആക്ഷന്‍ ചിത്രമായ കറുപ്പിലെ സൂര്യയുടെ ലുക്കും ടീസറും എല്ലാം ഇതിനോടകം പ്രേക്ഷക പ്രീതി നേടിയതാണ്.
മെയ് 14 ന് മലയാളത്തില്‍ മറ്റൊരു അതിരടി കൂടെ നടക്കുന്നുണ്ട്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന അതിരടി എന്ന ആക്ഷന്‍ കോമഡി ചിത്രം മെയ് 14 നാണ് റിലീസ് ചെയ്യുന്നത്. അരുണ്‍ അനിരുദ്ധാണ് ചിത്രത്തിന്റെ സംവിധായകന്. മെയ് 15 ന് സമാന്ത റുത്ത് പ്രഭു നായികായയി എത്തുന്ന മാ ഇന്‍ടി ബങ്കാരം എന്ന ചിത്രവും റിലീസ് ചെയ്യുന്നു. സമാന്തയുടെ ഗംഭീര ആക്ഷനോടെ വരുന്ന സിനിമയുടെ ട്രെയിലര്‍ ഇതിനോടകം വൈറലാണ്.
മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 റിലീസ് തീരുമാനിച്ചിരിയ്ക്കുന്നതും മെയ് യില്‍ ആണ്. എന്നാല്‍ കൃത്യമായ ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നല്സണിന്റെ മോളിവുഡ് ടൈംസും മെയില്‍ ആണ് റിലീസ് പറഞ്ഞിരിയ്ക്കുന്നത്. ഷാജി കൈലാസ് – ജോജു ജോര്‍ജ് ചിത്രമായ വരവ് ആണ് മറ്റൊരു സിനിമ.


