ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗുംമോഷ്ടിച്ച വനിതാ ഡോക്ടർ അറസ്റ്റിൽ
തൃശൂർ : അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്ത ലക്ക്നൗ സ്വദേശിയും ഡോക്ടറുമായ യുവതിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോക് ടീമും തൃശൂർ പേരാമംഗലം പോലീസും ചേർന്ന് പിടികൂടി.കേരളത്തിന് പുറത്തും നിരവധി മോഷണ കേസുകളുള്ള ഉത്തർപ്രദേശിലെ ലക്ക്നൗ സ്വദേശിയായ ദീപ്തി സിംഗ്(30) നെയാണ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബർ പതിനൊന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് അന്നേദിവസം ഡോക്ടറായ പാലക്കാട് സ്വദേശിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയിൽ നിന്നും വിലപ്പെട്ട കാർഡുകളും പണവും ലാപ് ടോപ്പും നഷ്ടപെട്ടിരുന്നു. ഇതു സംബന്ധിച്ച് പേരാമംഗലം സ്റ്റേഷനിൽ ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഡോക്ടറായ പ്രതിക്ക് എവിടെയും കയറി ചെല്ലാൻ പറ്റുമെന്നതിനാൽ, ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി പരാതിക്കാരിയായ ഡോക്ടർ പുറത്ത് പോയ തക്കത്തിന് ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും പേരാമംഗലം പോലീസും നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഈറോഡിലെ ഒരു ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന പ്രതിയെ കുടുക്കിയത്.
വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ കറങ്ങി നടന്ന് ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ച് ഹോസ്പിറ്റലുകളിൽ കയറിപ്പറ്റുകയും അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും മറ്റും മോഷണം ചെയ്തു കടന്നുകളയുന്നതുമാണ് ഇവരുടെ രീതി. മോഷ്ടിച്ച പണം ഉപയോഗിച്ച് മറ്റ് നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും മാറുകയും പിന്നീട് അവിടെ തമ്പടിച്ച് ഹോസ്പിറ്റലുകളിൽ മോഷണം നടത്തുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു പ്രതി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

