BreakingIndiaPolitics

ഇന്ത്യ സഖ്യത്തിന് ഇന്ന് നിർണായകം

യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് പല പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തിൽ ഇന്ന് നിർണായക ദിനം. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ സഖ്യത്തിന്‍റെ മുന്നോട്ട് പോക്കിൽ നിർണായകമാകും. 23 പാർട്ടികൾ പങ്കെടുക്കുമെന്നാണ് എ ഐ സി സി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുള്ളത്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ട് മണിക്ക് ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. പശ്ചിമബംഗാളിലെ തൃണമൂല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും, കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കും. യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിൽ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ജെ എം എമ്മും തീരുമാനിച്ചിട്ടുണ്ട്. അതേസമയം യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. കോൺഗ്രസിന് ബി ജെ പിയെ നേരിടാൻ കഴിയുന്നില്ലെന്ന വിമർശനവും മുന്നോട്ട് വച്ചാണ് എ എ പി തീരുമാനം അറിയിച്ചത്. യോഗത്തിനെത്തണമെന്ന് കെജ്രിവാളിനോട് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *