Kerala

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വൈകുന്നു. സേനയിൽ അതൃപ്തി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നാലുമാസമായിട്ടും തിരികെ നിയമിക്കാത്തതിൽ സേനയിൽ അതൃപ്തി പുകയുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സാധാരണ നടക്കാറുള്ള സ്ഥലം മാറ്റം ഉണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റ് ആഴ്ചകൾ പിന്നിട്ടിട്ടും ഇവരെ തിരികെ പേരന്റ് സ്റ്റേഷനുകളിലേക്ക് നിയമിക്കാത്തതോടെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ ദുരിതത്തിലായി. ഇതിനിടെ സ്കൂളുകളും കോളേജുകളും തുറക്കുകകൂടി ചെയ്തതോടെ കുട്ടികളുടെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങൾ അവതാളത്തിലായി. ജോലിഭാരത്തിനൊപ്പം ഇരട്ടിസമ്മർദത്തിലാണ് പലരും ജോലി ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കഴിഞ്ഞ ഫെബ്രുവരിയിലാണ് എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലം മാറ്റിയത്. ഇപ്പോൾ നാലുമാസം കഴിഞ്ഞിട്ടും തിരികെ നിയമിക്കാൻ നടപടിയായിട്ടില്ല. എസ് ഐമാരിൽ ഭൂരിഭാഗത്തിനെയും തിരികെ പേരന്റ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും സിഐമാരുടെയുംbഡിവൈഎസ്പിമാരുടെയും കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഐപിഎസ് തലത്തിൽ അഴിച്ചുപണിയുണ്ടായത് കഴിഞ്ഞ ദിവസം മാത്രമാണ്. ഡിവൈഎസ്പിമാരുടെ മാറ്റം ഈ ആഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന. എന്നാൽ‌ സി ഐമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരാനാണ് സാധ്യത. എസ്എച്ച്ഒമാരുടെ സ്ഥാനത്ത് നിന്ന് സിഐമാരെ ഒഴിവാക്കി പഴയപോലെ എസ് ഐമാരെ നിയമിക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ പുതിയ പരിഷ്കാരം നടപ്പാക്കി, നിയമനം എവിടെയെന്ന് അറിയുന്നതുവരെ സിഐമാർക്ക് കാത്തിരിക്കേണ്ടിവരും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസിന്റെ ജോലിഭാരവും മാനസിക സമ്മർദവും ഏറെ ചർ‌ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 120 പോലീസുകാരാണ് വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. അമിത ജോലിഭാരവും ഇതുവഴി വ്യക്തിജീവിതത്തിലുണ്ടാകുന്ന സമ്മർദവുമാണ് ഇതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയിരുന്നു.




Leave a Reply

Your email address will not be published. Required fields are marked *