BreakingLOCALOthers

യുവാവിന്റെ ജീവന് രക്ഷകരായി പോലീസ് സംഘം .

ജീവന്‍ അപകടനിലയിലായ സമയത്ത് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയ പോലീസ് സംഘത്തിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് സോനുവിന്റെ കുടുംബം.

പത്തനംതിട്ട :ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മലയാലപ്പുഴയില്‍ നിന്നും സ്വയം കാര്‍ ഓടിച്ച് ആശുപത്രിയിലേക്ക് പോകവേ, അവശനിലയിലായ യുവാവിനെ ഞൊടിയിടക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ച് പത്തനംതിട്ട കണ്ട്രോള്‍ റൂം പോലീസ് സംഘം. മലയാലപ്പുഴ സ്വദേശി സോനുവിനാണ് പോലീസ് സംഘം രക്ഷകരായത്. ബുധനാഴ്ച പുലര്‍ച്ചെ 2:30 ന് കുമ്പഴയില്‍ വച്ചാണ് പത്തനംതിട്ട കണ്ട്രോള്‍ റൂം പോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിംഗിനിടയില്‍ മലയാലപ്പുഴ ഭാഗത്തുനിന്നും അമിതവേഗതയില്‍ കാര്‍ വരുന്നത് കണ്ടത്. പെട്ടെന്ന് നിന്ന കാറിന്റെ അരികിലേക്ക് പോലീസ് സംഘം ഓടിയെത്തി നോക്കുമ്പോള്‍ സ്റ്റിയറിങ്ങില്‍ തലതാഴ്ത്തി കിടക്കുകയായിരുന്നു യുവാവ്.പോലീസ് സംഘത്തിലെ എസ് സി പി ഓ ജോബിന്‍ ജോണ്‍ ഡ്രൈവറുടെ ഡോറിന്റെ ഗ്ലാസ്സില്‍ തട്ടിവിളിച്ചു. വയ്യ, പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഛര്‍ദ്ദിക്കുകയും ചെയ്ത് ആകെ അവശനിലയിലായ സോനുവിനെ പോലീസ് സംഘത്തിലുണ്ടായിരുന്ന ജോബിന്‍ ജോണ്‍, സജി ഇസ്മായില്‍, മുഹമ്മദ് ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മാറ്റി പിന്‍സീറ്റില്‍ കിടത്തി.
കണ്ട്രോള്‍ റൂം വാഹനത്തിന്റെ ഡ്രൈവര്‍ ഏ എസ് ഐ സജി ഇസ്മായില്‍ കാര്‍, ഒട്ടും സമയം പാഴാക്കാതെ അതിവേഗം ഓടിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ ജോബിന്‍ ജോണ്‍ പോലീസ് വാഹനം ഓടിച്ചെത്തി, സി പി ഓ മുഹമ്മദ് ഷഫീക്കും ഒപ്പമുണ്ടായിരുന്നു. മൂന്നു മിനിറ്റിനുള്ളിലാണ് കുമ്പഴയില്‍ നിന്നും പോലീസ് ഡ്രൈവര്‍ സജി ഇസ്മായില്‍ യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ജീവന്‍ അപകടനിലയിലായ സമയത്ത് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയ പോലീസ് സംഘത്തിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് സോനുവിന്റെ കുടുംബം. ആശുപത്രിയിലെ ചില ജീവനക്കാര്‍ക്ക് യുവാവിനെ പരിചയമുണ്ടായിരുന്നു. അടിയന്തര ചികിത്സക്ക് പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ ജീവന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയശേഷമാണ് പോലീസ് സംഘം മടങ്ങിയത്. മുമ്പും പലതവണ പത്തനംതിട്ട കണ്ട്രോള്‍ റൂം പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയില്‍ എത്തിച്ച് മാതൃകയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *