ഹോട്ടൽ മുറിയിൽ വച്ച് 56 വയസ്സുകാരിയെ കഴുത്തു ഞരിച്ച് കൊന്നു
തൃശൂർ : ചെറുതുരുത്തിയിൽ 56 കാരി മരിച്ച നിലയിൽ.മലപ്പുറം ചേറൂർ സ്വദേശി ധനലക്ഷ്മിയാണ് മരിച്ചത്. ധനലക്ഷ്മിയുടെ സുഹൃത്തായ വിജീഷ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ എത്തിയാണ് ഇവർ മരിച്ചതായി അറിയിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ വിജീഷ് പോലീസ് സ്റ്റേഷനിൽ എത്തി ധനലക്ഷ്മി മരിച്ചതായി അറിയിച്ചത്. ഹോട്ടൽ മുറിയിൽ വച്ച് കഴുത്തു ഞരിച്ച് 56 വയസ്സുകാരിയായ ധനലക്ഷ്മിയെ കൊലപ്പെടുത്തി എന്നായിരുന്നു മൊഴി. തുടർന്ന് പോലീസ് ചെറുതുരുത്തിയിലെ ഹന്ന ലോഡ്ജിൽ എത്തി നടത്തിയ പരിശോധനയിലാണ് ധനലക്ഷ്മി മരിച്ചതായി സ്ഥിരീകരിക്കുന്നത്.
നർത്തകിയായ ധനലക്ഷ്മിയും വിജീഷും തമ്മിൽ ദീർഘനാളുകളായി സുഹൃത്തുക്കൾ ആയിരുന്നുവെന്നും തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്നുമാണ് ചോദ്യം ചെയ്യലിൽ വിജീഷ് പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം യുവാവ് രക്ഷപ്പെട്ടതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഹോട്ടൽ അധികൃതർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഫോറൻസിക് പരിശോധനകൾക്ക് ശേഷം ധനലക്ഷ്മിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തേഞ്ഞിപ്പാലം പോലീസിന്റെ കസ്റ്റഡിയിലുള്ള വിജീഷിനെ ചോദ്യം ചെയ്യുന്നതിനായും തെളിവെടുപ്പിനായും തൃശ്ശൂരിൽ എത്തിച്ചു.

