BreakingKeralaPolitics

ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്. കൗൺസിലർ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പിൻവലിച്ചു. ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇട്ട സന്ദേശമാണ് പിൻവലിച്ചത്. പിന്മാറ്റം പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കത്തിന് പിന്നാലെയാണെന്നാണ് സൂചന.ബിജെപി നേതൃത്വത്തെ മുൾമുനയിൽ നിർത്തിയായിരുന്നു ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനം. കോർപ്പറേഷൻ ഭരണത്തിൽ തന്നെ നിർണായക ഇടപെടൽ നടത്താവുന്ന രാജി ഒടുവിൽ ബിജെപി നേതാക്കൾ ഇടപെട്ട് പരിഹരിച്ചു. ആർ ശ്രീലേഖയുടെ സമ്മർദ്ദ തന്ത്രത്തിന് നേതാക്കൾ വഴങ്ങിയെന്നാണ് വിവരം. രാജിയിൽ നിന്ന് ശ്രീലേഖ പിന്മാറിയതോടെ രാജിക്കത്ത് ലഭിച്ചു എന്ന് ഉറപ്പിച്ചു പറഞ്ഞ മേയർ വി വി രാജേഷ് ഇന്ന് മലക്കം മറിഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബി ജെ പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും ശ്രീലേഖ ഇതുവരെ നേരിട്ട് പരസ്യമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ശാരീരിക അസ്വസ്ഥതയായിരുന്നു ശ്രീലേഖയുടെ പ്രശ്നമെന്നാണ് നേതാക്കളുടെ വിശദീകരണം. ഭീഷണി ഒഴിവായെങ്കിലും രാജിനാടകത്തിൽ ശ്രീലേഖക്കും ബി ജെ പിക്കുമുണ്ടായത് വലിയ നാണക്കേടാണ്

Leave a Reply

Your email address will not be published. Required fields are marked *