ചേരാനല്ലൂർ വാഹനാപകടം.ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ല ശക്തമായ നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം നടന്നയുടൻ സ്ഥലം എംഎൽഎ തന്നെ ഫോണിൽ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോൾ തന്നെ മനസ്സിലായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന്. ഡിജിപിയുമായി ബന്ധപ്പെടുയുകയും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് എന്ത് അടിസ്ഥാനത്തിലായിരുന്നുവെന്നും ചോദിച്ചു. അത് തന്റെ ഉത്തരവാദിത്വമാണ്. പൊലീസ് തെറ്റുചെയ്താൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കി.
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്നാണ്. ഒരു പാവപ്പെട്ട മനുഷ്യൻ സ്കൂട്ടറിൽ പോകുകയായിരുന്നു. അയാൾ ഭക്ഷണം കൊണ്ടുപോയിട്ടുവേണം കുടുംബത്തിന് കഴിക്കാൻ. മൂന്ന് ആവശ്യങ്ങളാണ് കുടുംബത്തിന് ഉള്ളത്.അതെല്ലാം അംഗീകരിച്ചത് കൊണ്ടാണ് ഇന്നലെ നടന്ന സമരം അവസാനിപ്പിച്ചത്. ജുവനൈൽ മജിസ്ട്രേറ്റ് ഒരു കാരണവശാലും വാഹനമോടിച്ച 17 കാരന് ജാമ്യം അനുവദിക്കരുത്. ജഡ്ജിയുടെ പേരിൽ നടപടിയെടുക്കാൻ സർക്കാരിന് സാധ്യമല്ല. ചെയ്യാൻ കഴിയുന്നത് വാഹനത്തിന്റെ ഉടമയ്ക്കെതിരെ കേസ് എടുക്കാം എന്നുള്ളതാണ്. അത് ചെയ്തിട്ടുണ്ട്. ഈ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്..ചേരാനല്ലൂർ വിഷയത്തിൽ തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും. ഒരു പണക്കാരനും സ്വാധീനം ചെലുത്താൻ ഈ ഗവൺമെൻറ് സമ്മതിക്കുകയില്ല. ജഡ്ജി അല്ല ആരായാലും ശരി. ജഡ്ജി ഒരു വലിയ കാര്യം ചെയ്തു. പൊലീസ് സ്റ്റേഷനിൽ പോയി. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോകരുത്. സ്റ്റേഷനിൽ ചെന്ന് ജഡ്ജി പൊട്ടിത്തെറിക്കുകയായിരുന്നു. ‘ഹിസ് ബിഹേവിയർ വാസ് വെരി റൂഡ്’, പാവപ്പെട്ട മനുഷ്യനെയും കുടുംബത്തെയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും രമേശ് ചെന്നിത്തല പറഞ്ഞു.

