BreakingKeralaPolitics

വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സതീശന്റെ നീക്കങ്ങൾ പൊളിഞ്ഞുവീഴുകയാണ്. ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണെന്നും മുഖ്യമന്ത്രി വിവരക്കേടുകളെ വീരവാദമാക്കുന്നുവെന്നും പിണറായി. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്നും ഈ ശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ്. ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ല. സണ്ണി ജോസെഫിന്റെ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടെന്നും പിണറായി വിജയൻ.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി.
തുടക്കം മുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്—കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *