BreakingEducationKerala

60 ദിവസം കഴിഞ്ഞു. ഇനിയും അരിശം തീര്‍ന്നില്ലേയെന്ന് വിസിയോട് ഹൈക്കോടതി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കവിത ഉദ്ധരിച്ചാണ് ഹൈക്കോടതി പരാമര്‍ശം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ വിശദമായ വാദം മറ്റന്നാള്‍ നടക്കും.
ഇനിയും അരിശം തീര്‍ന്നില്ലേ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയാണ് വിഷയത്തില്‍ ഹൈക്കോടതി ഉദ്ധരിച്ചത്. ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ എന്തൊക്കെ ചെയ്തിരുന്നുവെന്നും 60 ദിവസം പുറത്ത് നിര്‍ത്തിയത് പോരെ എന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ചെയ്തത് ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ 60 ദിവസം ബുദ്ധിമുട്ട് നേരിട്ടു, പരീക്ഷ എഴുതാനും പറ്റിയില്ല, അത് പോരെ എന്നാണ് ചോദ്യം.
വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയിലെടുത്ത രണ്ടാമത്തെ എഫ്‌ഐആര്‍ നിലനില്‍ക്കുമോ എന്നും കോടതി ആരാഞ്ഞു. ആദ്യത്തെ പരാതി നല്‍കി മൂന്നു ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ പരാതി നല്‍കുന്നത് എന്നും കോടതി ചൂണ്ടികാണിച്ചു. സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ കാലടിയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഹര്‍ജി വേഗത്തില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ എന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേതഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചത്. പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരാണ് തങ്ങളെന്നും പലര്‍ക്കും 60 ശതമാനം ഹാജര്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ വിസിയക്ക് കഴിയും. ഹാജര്‍ ഇളവിനുള്ള മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ക്യാമ്പത്തില്‍ പ്രവേശിപ്പിക്കാന്‍ തടസമുള്ളതിനാല്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിസിയെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നത് തെറ്റായ കേസ് ആണെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *