BreakingEducationKeralaPolitics

വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കി

എറണാകുളം : കാലടി സര്‍വകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്‌ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയാണ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സര്‍വകലാശാലയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും ശിക്ഷാനടപടികളും റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഉടനടി തന്നെ ക്ലാസുകളില്‍ പ്രവേശിക്കാനാകും. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയിരിക്കുന്ന അന്വേഷണങ്ങള്‍ ചട്ടവിരുദ്ധമായിരുന്നുവെന്നും വിദ്യാര്‍ഥികളെ കേട്ടില്ലെന്നുമുള്ള വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. ഇനി വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയുള്ള അന്വേഷണം വേണ്ടെന്നാണ് നിര്‍ദേശം. മുമ്പ് വിഷയം സുപ്രീംകോടതിയിലേക്ക് എത്തിയപ്പോള്‍ ഹൈക്കോടതി വിധി അനുകൂലമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. അതിന്‍ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ അവസരമൊരുങ്ങുന്നത്. മുമ്പ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികള്‍ നിയമപോരാട്ടവുമായി സുപ്രീംകോടതിയിലെത്തുകയും സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹര്‍ജി വീണ്ടും സിംഗിള്‍ ബെഞ്ചിലെത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *