മാലിന്യത്തിൽ നിന്ന് പാരിതോഷികം
ആലുവ∙ മാലിന്യം തള്ളുന്നവരിൽ നിന്നു 25,000 രൂപ വരെ പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരളത്തിലെ ആദ്യ കേസ് ആലുവ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു.കൊച്ചിയിൽ നിന്നുള്ള ഹോട്ടൽ മാലിന്യം പുലർച്ചെ 4നു പിക്കപ് വാഹനത്തിൽ കൊണ്ടുവന്ന് ആലുവ–എറണാകുളം ദേശീയപാതയിലെ മുട്ടത്ത് തള്ളുന്നതിനിടെ ആലുവ ഉളിയന്നൂർ കാട്ടിപ്പറമ്പ് ബി.കെ. ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശേരി തച്ചകത്ത് ടി.ബി. സജീർ (40) എന്നിവരാണു പിടിയിലായത്. മാലിന്യം തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിലായി. മാലിന്യം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു കോടതിയിൽ നൽകി.
കെഎൽ 29 ബി 7710 നമ്പർ പിക്കപ് വാഹനം പിടിച്ചെടുത്തു.
സംഭവസമയത്ത് ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി ആണ് വിഡിയോ വാട്സാപ് ചെയ്തത്. വിവരം ലഭിച്ച ഉടൻ പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടി. വിവരം നൽകിയയാൾക്കു പാരിതോഷികം നൽകാൻ പൊലീസ് ശുപാർശ ചെയ്തു. അടുത്തിടെ തദ്ദേശഭരണ വകുപ്പു നടപ്പാക്കിയതാണു മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങളും വിഡിയോയും വാട്സാപ് വഴി നൽകാനുള്ള സംവിധാനം. കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കുമെങ്കിലും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ പിഴ അടയ്ക്കണം. വാഹനത്തിന്റെ വില കോടതിയിൽ കെട്ടിവയ്ക്കുകയും വേണം.
ചൂർണിക്കര പഞ്ചായത്ത് അതിർത്തിയിലാണു മാലിന്യം തള്ളിയത്.
പിഴ നിശ്ചയിക്കേണ്ടതും പാരിതോഷികം നൽകേണ്ടതും പഞ്ചായത്താണ്. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് പഞ്ചായത്ത് അധികൃതർക്കു കൈമാറി.

