കാലടിയിൽ വീണ്ടും വാഹനാപകടം സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു.
പെരുമ്പാവൂർ:. ഒക്കൽ താന്നിപ്പുഴ പെട്രോൾ പമ്പിന് എതിർവശത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിന്റെ പുറകിൽ യാത്ര ചെയ്തിരുന്ന താന്നിപ്പുഴ കൂനത്താൻ പൈലി തോമസ് തൽക്ഷണം മരിച്ചു. ആക്ടീവ സ്കൂട്ടർ ഓടിച്ചിരുന്ന മാളിയേക്കൽ ഡേവിസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. നിരനിരയായി പോകുന്ന വാഹനങ്ങളെ മറികടന്ന് തെറ്റായി ഓവർടേക്ക് ചെയ്ത ബസ്സാണ് സ്കൂട്ടറിൽ തട്ടി അപകടം ഉണ്ടാക്കിയത്. സ്കൂട്ടറിൽ ഇടിച്ച ബസ് നിർത്താതെ പോയെങ്കിലും കാലടി പോലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെയും കണ്ടക്ടറെയും പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

