BreakingCrimeIndia

എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം.പൈലറ്റിന്റെ ലഹരി ഉപയോഗവും സ്ഥിരീകരിച്ചു റിപ്പോർട്ട്‌.

ദില്ലി: പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾക്കുണ്ടായ തകരാറാണ് പെട്ടെന്നുള്ള താഴ്ചയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, പൈലറ്റിന്റെ ലഹരി ഉപയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക വീഴ്ചകൾക്ക് പുറമേ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും ഉത്തരവാദിയായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നത് വൻ സുരക്ഷാവീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും ഒരുമിച്ച് വന്നത് വലിയൊരു ദുരന്തത്തിന്റെ വക്കോളമാണ് വിമാനത്തെ എത്തിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്.
നേരത്തെ പൂക്കറ്റ് ദില്ലി വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിൽ മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. 300 ലേറെ പൈലറ്റുമാരുടെ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനുമായി ആകെ അയ്യായിരത്തോളം പൈലറ്റുമാരാണുള്ളത്.
ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ
അപകടത്തിൽപ്പെട്ട പൂക്കറ്റ് ദില്ലി എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. പിന്നാലെയാണ് വിമാനം പെട്ടന്ന് 300 അടി താഴ്ചയിലേക്ക് പതിച്ചത്. ഓഗസ്റ്റ് നാലിന് പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലാണ് ഗുരുതര സാങ്കേതിക തകരാർ സംഭവിച്ചത്. ആകാശത്ത് നാല് സെക്കൻഡ് വിമാനത്തിന്റെ പ്രധാന നിയന്ത്രണഭാഗങ്ങൾ പ്രവർത്തനരഹിതമായതോടെ ഏകദേശം 300 അടി താഴേക്ക് പതിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ സമയം വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിച്ചിരുന്നില്ല. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കര്യങ്ങൾ വ്യക്തമായത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. ഓട്ടോ പൈലറ്റ് സംവിധാനവും വിച്ഛേദിക്കപ്പെട്ടു. തുടർന്ന് സഹപൈലറ്റ് വിമാനത്തിന്റെ നോസ് ഭാഗം താഴ്ത്താൻ ഇൻപുട്ട് നൽകി. ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടെടുത്തതോടെയാണ് നിയന്ത്രണം സാധാരണ നിലയിലായത്. ഈ സാങ്കേതിക പ്രശ്നങ്ങൾക്ക് പുറമേ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ അയ്യായിരത്തിലധികം പൈലറ്റുമാരിൽ കമ്പനി ലഹരി പരിശോധന നടത്തിയിരുന്നു. ഏതായാലും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിപരിശോധന ചട്ടങ്ങൾ ഡി ജി സി എ പുനപരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 10% ക്രൂഅംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *