ചാർട്ടേഡ് വിമാനയാത്രാ.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷം രംഗത്ത്
തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശവുമായി സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്ത്. സ്പോൺസറുടെ പേര് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന സതീശന്‍റെ വാദം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവ് മാത്രമാണെന്നും, എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആരാണ് സ്പോൺസർ എന്നത് കേരളത്തിന് അറിയണം. ഇക്കാര്യം മുഖ്യമന്ത്രി പറയണം. സ്പോൺസറിടെ പേര് ഒളിപ്പിച്ചുവയ്ക്കുന്നത് തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്തെങ്കിലുമില്ലാതെ സ്പോൺസറെ ഒളിച്ചു വയ്ക്കേണ്ട കാര്യമുണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു. കെ എം ഷാജിയുടെ സ്പോൺസറുടെ കാര്യത്തിലും എല്ലാം പുറത്തു വരട്ടെ, കൂട്ടത്തിൽ തട്ടിപ്പ് കേസുകളിൽ പ്രതിയായ ആളുകൾ വരെ ഉണ്ട്, കോടികൾ വിലയുള്ള വാഹനങ്ങൾ മുതലാളിമാർ വെറുതെ വിട്ടുകൊടുക്കില്ലല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു. ‘ദെയർ ഈസ് നോ ഫ്രീ ലഞ്ച്’ എന്നാണല്ലോ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

