BreakingExclusiveKeralaOthers

വിമാനമാർഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രതിസന്ധി രൂക്ഷം

വിമാനക്കമ്പനികളുടെ നിബന്ധനകളും പോലീസ് നടപടികളിലെ കാലതാമസവും പ്രതിസന്ധിയാകുന്നു;

നെടുമ്പാശ്ശേരി: കേരളത്തിൽ മരിക്കുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം സ്വദേശങ്ങളി ലെത്തിക്കുന്നതിന് വിമാനക്കമ്പനികളുടെ നിബന്ധനകളും പോലീസ് നടപടികളിലെ കാലതാമസവും തടസ്സമാകുന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം, പോലീസ് എൻ.ഒ.സി., എംബാമിങ് എന്നിവ പൂർത്തിയാക്കുന്നതിലെ കാലതാമസത്തിനൊപ്പം കണക്ഷൻ വിമാനങ്ങളുടെ നിയന്ത്രണങ്ങളും യാത്ര വൈകിപ്പിക്കുന്നു. നടപടികൾ ഒരുദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒന്നിലധികം ദിവസം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്.
അസം, പശ്ചിമബംഗാൾ, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൊച്ചിയിൽനിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ പരിമിതമായതിനാൽ കണക്ഷൻ വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കണക്ഷൻ വിമാനങ്ങളിലെ ഇടവേള സംബന്ധിച്ച നിബന്ധനകൾ മൃതദേഹങ്ങൾ സമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് തടസ്സമാകുന്നു. ഇൻഡിഗോയിൽ തുടർവിമാനത്തിനായി മൂന്നു മണിക്കൂർ ഇടവേള വേണം. എയർ ഇന്ത്യയിൽ ഈ സമയം ആറു മണിക്കൂറായി ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര യാത്രയ്ക്കായി നടത്തുന്ന ഡൊമസ്റ്റിക് എംബാമിങ്ങിന്റെ സർട്ടിഫിക്കറ്റിന് 24 മണിക്കൂർ സമയപരിധിയുള്ളതിനാൽ ഈ സമയത്തിനുള്ളിൽ മൃതദേഹം ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്.

വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പ് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കണമെന്ന നിബന്ധനയുമുണ്ട്. കണക്ഷൻ വിമാനത്തിൽ ഒരേ ലക്ഷ്യസ്ഥാനത്തേക്ക് മറ്റൊരു മൃതദേഹം ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ കൊച്ചിയിൽനിന്നുള്ള മൃതദേഹം കൊണ്ടുപോകാൻ അനുമതി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. അതിനാൽ ടിക്കറ്റ് ലഭിച്ചാലും തുടർയാത്ര ഉറപ്പാക്കാതെ മൃതദേഹം അയയ്ക്കാൻ കഴിയില്ല. ഇതോടെ എംബാമിങ്ങിനുശേഷമുള്ള സമയക്രമം പാലിക്കുക കൂടുതൽ പ്രയാസമാകുന്നു.

വിമാനയാത്രയിലെ നിയന്ത്രണങ്ങൾക്കു പുറമേ ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും നടപടിക്രമങ്ങളും കാലതാമസത്തിന് കാരണമാകുന്നു. അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും പോസ്റ്റ്മോർട്ടത്തിനുശേഷമാണ് എംബാം ചെയ്യുന്നത്. ഇതിനുമുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാക്കണം. ഇതിന് രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ വേണ്ടിവരും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി ആവശ്യമായ രേഖകൾ തയ്യാറാക്കി പോലീസ് എൻ.ഒ.സി. ലഭ്യമാക്കണം. ഈ നടപടികൾ പൂർത്തിയാകുമ്പോഴേക്കും എംബാമിങ്ങിനുള്ള സമയം അവസാനിക്കുന്നതാണ് പ്രധാന പ്രതിസന്ധി.മെഡിക്കൽ കോളേജുകളിൽ സാധാരണയായി രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് എംബാമിങ് നടത്തുന്നത്. പോലീസ് രേഖകൾ വൈകിയെത്തിയാൽ അന്നുതന്നെ എംബാമിങ് നടത്താൻ കഴിയാതെ വരും. സർക്കാർ അവധി ദിവസങ്ങളിൽ എംബാമിങ് സൗകര്യം ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇൻക്വസ്റ്റ് ആരംഭിക്കുന്നതിനും രേഖകൾ തയ്യാറാക്കുന്നതിനും എൻ.ഒ.സി. നൽകുന്നതിനും വൈകുന്നുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹത്തോടൊപ്പം ആശുപത്രിയിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ എൻ.ഒ.സി. നടപടികൾ കൂടി പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം ഒരുക്കിയാൽ കാലതാമസം കുറയ്ക്കാനാകും. നിലവിലെ നടപടിക്രമങ്ങളിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അനുമതി ലഭിക്കുന്നതിനായി വീണ്ടും കാത്തിരിക്കേണ്ടിവരുന്നത് എംബാമിങ്ങിനുള്ള സമയക്രമത്തെ ബാധിക്കുന്നുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രതിദിനം രണ്ടിലധികം മൃതദേഹങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾ നിരവധി കുടുംബങ്ങളെ ബാധിക്കുന്നു. ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസം സാമ്പത്തിക ബാധ്യതയ്ക്കൊപ്പം വലിയ മാനസികപ്രയാസവും സൃഷ്ടിക്കുന്നു.

വിമാനക്കമ്പനികളുടെ നിബന്ധനകളിൽ ആവശ്യമായ ഇളവുകൾ വരുത്തുക, പോലീസ് നടപടികൾ വേഗത്തിലാക്കുക, മെഡിക്കൽ കോളേജുകളിൽ എംബാമിങ്ങിനുള്ള സമയക്രമം പരിഷ്കരിക്കുക, അവധി ദിവസങ്ങളിലും അടിയന്തരമായി എംബാമിങ് നടത്താനുള്ള സൗകര്യം ഒരുക്കുക എന്നിവയാണ് പ്രതിസന്ധിക്ക് പരിഹാരമായി അതിഥി വെൽഫെയർ ഫോറം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ. പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈവശം തന്നെ എൻ.ഒ.സി. ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം വേണമെന്നും ഫോറം വർക്കിങ് ചെയർമാൻ ബാവാ ഹുസൈനും ജനറൽ സെക്രട്ടറി ഷിഹാബ് പറേലിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *