KeralaPolitics

മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗം

വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം

കോഴിക്കോട് : മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിൽ എഡിറ്റോറിയൽ. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്‍ഢിത്തമെന്ന് വിമർശനം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.
പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകുന്നതാണ്. അത് മദ്യ വ്യാപനത്തിനും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനും കാരണമാകും. വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചത് എക്സൈസ് വകുപ്പോ മന്ത്രിയോ അറിയാതെയാണെന്നും മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെ ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചതെന്നുമുള്ള വസ്തുത മുന്നിലുണ്ട്. യു ഡി എഫിൻ്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിർദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത്? നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് എക്സൈസ് മന്ത്രി എം ലിജു പറയുന്നത്.
0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യത്തിനാണ് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചത്. 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോളുള്ള മദ്യത്തിന് 120 ശതമാനം, 10 മുതൽ 20 ശത മാനം വരെയുള്ളവക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന. കഴിഞ്ഞ സർക്കാർ 2022- 23ലെ അബ്‌കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. അതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽക്കുന്ന അതേ നികുതി (251 ശതമാ നം) തന്നെ നൽകി ‘വീര്യം കുറഞ്ഞ’ വിഭാഗത്തിൽ വരുന്ന മദ്യം വിൽക്കേണ്ടിയിരുന്നു. ഇത് ലാഭകരമല്ലെന്ന് കണ്ട് കമ്പനികൾ വന്നില്ല. എൽ ഡി എഫ് സർക്കാർ മുന്നോട്ട് നീങ്ങിയുമില്ല. എന്നാലിപ്പോൾ പുതിയ നികുതി ഘടന വന്നതോടെ നേരത്തേ മടിച്ചുനിന്ന കമ്പനികൾ കേരളത്തിലേക്ക് കുട്ടത്തോടെ ഇരച്ചുവരും.സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്ന മുഴുവൻ പേരും പ്രതിരോധവുമായി ഇറങ്ങണം. മുഖ്യമന്ത്രി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *