BreakingIndiaPolitics

ഇന്ത്യ സഖ്യം വീണ്ടും സജീവമാക്കി ഗ്യാനേഷ് കുമാറിന്റെ രാജി പ്രക്ഷോഭം .

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജന്തർ മന്ദറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഹൈജാക്ക് ചെയ്തവർക്കെതിരായ ജനവികാരമാണ് ദില്ലിയിൽ കണ്ടതെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. അടുത്ത സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.


സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ നേതാവ് ഡി രാജ, എൻ സി പി നേതാവ് സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ്, ഐസ പ്രതിനിധി നേഹ ബോറ തുടങ്ങി വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും എസ് ഐ ആർ നടപടികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളും അണിനിരക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും മേൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിലൂടെയും ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും മുന്നോട്ട് പോകുമെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ ഭരണഘടനാപരമായ എല്ലാ വഴികളിലൂടെയും സമ്മർദ്ദം തുടരുമെന്നും പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.
ഡൽഹിയിൽ നടക്കുന്നത് സമാന്തര പ്രക്ഷോഭങ്ങളല്ല, എല്ലാം ഒരൊറ്റ ലക്ഷ്യത്തിനായുള്ള പ്രതിഷേധമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ജനാധിപത്യ പുനഃസ്ഥാപനമാണ് പോരാട്ടങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടും വരെ പോരാടും. മിന്നൽ സമരങ്ങൾ ആവർത്തിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ജന്തർ മന്തറിനെ സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായി നീങ്ങും. ഇന്ത്യൻ ഭരണഘടന തകർത്ത് രക്ഷപ്പെടാം എന്ന് ഗ്യാനേഷ് കുമാറും കുട്ടരും കരുതണ്ട. ജനങ്ങളുടെ വികാരമാണ് ഇന്നലെ കണ്ടത്. ഇന്ത്യയിലെ ജനങ്ങൾ ഒപ്പം നിൽക്കണം. ഇത് ജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അവസാനം വരെ പോരാടും. ഈ ടീം നിർത്തില്ല. ലക്ഷ്യം നേടും വരെ പോരാടും. സുപ്രീം കോടതിയോട് വലിയ ബഹുമാനമാണുള്ളത്. ചീഫ് ജസ്റ്റിസിനോടും വലിയ ബഹുമാനമുണ്ടെന്നും രാഹുൽ ഗാന്ധി വിവരിച്ചു. അവർ അവരുടെ കടമ നിർവഹിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *