BreakingBusinessKerala

കഫേകളിൽ അന്യായ വില, പരിശോധന നടത്തി.



എറണാകുളം:  നഗരത്തിലെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.

സെൻട്രൽ സ്ക്വയർ മാൾ , ഫോറം മാൾ തീയറ്ററുകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധന സംഘം കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് നിയമപ്രകാരമാണ് വിൽപന നടത്തുന്നത്. പക്ഷേ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേ തിനേക്കാൾ അഞ്ചിരട്ടി വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും ഗവൺമെൻ്റിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തീയറ്റർ മാനേജർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി.
പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദ്ദേശം നൽകി.

വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗജന്യ കുടിവെള്ളം പല തീയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് തയ്യാറാക്കി വച്ചിട്ടുളളതെന്നും സംഘം കണ്ടെത്തി. റെയ്ഡിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി ആർ.ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എൻ.സി , ബിമൽ എസ്, അസിസ്റൻ്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ , റേഷനിംഗ് ഇൻസ്പെക്ടർമാരായ അനൂപ് എൻ, റിയാസ്, പത്മകുമാർ, അനുപമ ,സ്മിത, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഹണി ടി.എസ്, സിനത്ത് എൻ.എ ഫൂഡ് സേഫ്റ്റി ഓഫിസർ റാണി ചാക്കോ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *