സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളിൽ ആവശ്യമായി വരുന്നുണ്ട്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും വൈദ്യുതി നിയന്ത്രണത്തിന് കാരണമാകുന്നു. മഴ മാറി നിൽക്കുന്നതും അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർത്തി. സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂർ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെൽഷ്യസ് ആണ്.

