അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവമുള്ള വിഷയം. ഡിജിപി
തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ച ഗൗരവമായി അന്വേഷിക്കും. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വാഭാവികം. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു നേതാവ് ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകി. അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്തോ എന്നും പരിശോധിക്കും.
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ അടൂർ പൊലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ ആയിരുന്നു ഉണ്ടായത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍. രണസ്വാധീനത്തിൽ തുടരന്വേഷണം അട്ടിമറിച്ചെന്നായിരുന്നു സിപിഎം ആരോപണം. പിന്നീട് സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു. ഇതോടെയാണ് ഡിവൈഎസ്പി തല അന്വേഷണത്തിന് ഉത്തരവിട്ടത്.

