അനശ്വരമായ ഭാരതീയസംസ്കൃതീ.
അഡ്വ : സൗമ്യ മായാദാസ്
കേവലമായ ഏതെങ്കിലും മിത്തിനും മിത്തോളജിയ്ക്കും പ്രായോഗികശാസ്ത്രത്തിനും പ്രാവർത്തിക
സത്യത്തിനുമെല്ലാം എത്രയോ കാതം അപ്പുറത്താണ് യഥാർത്ഥത്തിൽ വിശ്വത്തിന്റെ, പ്രാപഞ്ചിക പരിണാമങ്ങളുടെ അസ്തിത്വവും
സ്വാധീനവും ശക്തിസ്രോതസ്സും പരമമായ സത്യത്തിന്റെ അസ്പൃശ്യതകളുമെന്ന്, ലോകത്തിന് മുഴുവൻ പറഞ്ഞുകൊടുത്തും തീർപുകല്പിച്ചുകൊടുത്തും ബോധ്യപ്പെടുത്തിയ ഋഷീ പരന്പരകളുടെ ഗുരുപാഠങ്ങളുടെ ഉറവിടവും, ആ ഉറവിന്റെ പരിപ്രേക്ഷ്യമായ പരിപോഷണവുമാണ് യഥാർത്ഥത്തിലെ മഹത്തായ ഭാരതീയസംസ്കൃതീ..!!!
ആ സത്യത്തിനെ ഋഷിപ്രോക്തമായ വചനങ്ങളിലൂടേയും അതിനു ഗഹനതവരുത്താനുതകുന്നവിധമുള്ള അനുയോജ്യമായ ഈശ്വരസാക്ഷാത്കാരങ്ങളുടെ രൂപങ്ങളിലൂടേയും ഭാവങ്ങളിലൂടേയും കർമ്മങ്ങളിലൂടേയും വേദങ്ങളായും വേദാന്തങ്ങളായും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും കഥാകഥനങ്ങളുമെല്ലാമായും ഇഴചേർത്ത് ചോർന്ന് പോവാത്തവിധം അവ ഒരോരോ ജീവിത അനുഷ്ഠാനങ്ങളും ചര്യകളും നിഷ്ഠകളും ഉപാസനകളുമാക്കി നിത്യേന നിമിഷങ്ങളോളെന്നവണ്ണം ഉപാസിച്ചും സ്ഫുടംചെയ്തും, ഈശ്വരീയഭാവമെന്ന അനിർവചനീയമായ ആ പ്രാപഞ്ചിക സത്യത്തോടൊപ്പം അലിഞ്ഞു ചേരുംവണ്ണം ഒരു ജീവിതചര്യതന്നെ ക്രമപ്പെടുത്തിവന്നു എന്നതുമാണ് ഈ പ്രസ്തുത സംസ്കൃതിയുടെ ഗഹനമായ അച്ചടക്കം!
വഴിയേ കർമ്മാനുഗതമായീ വന്ന വിഭാഗീയതകൾക്കനുസരിച്ചും ഓരോരോത്തർക്കും അവനവന് ആവതിയുള്ളപ്രകാരം ഏതേതു ഭാവങ്ങളിലും വൈശിഷ്ട്യങ്ങളിലും അതിനെ ആവുംപ്രകാരം പരിപോഷിപ്പിച്ചുകൊണ്ടുപോരാം എന്നതും ; അതിനൊട്ടുംതന്നെ യാതൊരു കണിശതയോ, മറ്റൊരുവിധത്തിലുമുള്ള ശാസനയോ നിർബന്ധബുദ്ധിയോ ശിക്ഷണമോ ഒന്നും തന്നെ ഇല്ലായെന്നതുമാണ് ഈ സംസ്കൃതിയുടെ സുതാര്യതയും വിതിരിക്തതയും!
ഒരു വ്യവഹാരത്തിനും കണക്കെടുപ്പുകൾക്കും നാസ്തികതയുടെ യുക്തിബുദ്ധിയ്ക്കും ഒരിയ്ക്കൽപോലും
കണക്കാക്കപ്പെടാനാവാത്തതും, തികച്ചും അനിയന്ത്രിതവും അനിർവചനീയവുമായൊരു സത്യവും ആ സത്യമുണ്ടെങ്കിൽ അതൊരു ശക്തിവിശേഷമാണെങ്കിൽ വിശേഷിച്ചും അതിനാധാരം തീർച്ചയായും അതി സൂക്ഷ്മവും പ്രവചനങ്ങൾക്കെല്ലാംതന്നെ അതീതവും എന്ന് മാനിയ്ക്കുന്ന പരമാർത്ഥമായ ഈശ്വരീയത തന്നെയാണ് !!!
ആ യാഥാർത്ഥ്യബോധത്തെ ഉൾക്കാഴ്ചയെ, ആത്മബോധത്തിലാവാഹിച്ചെടുത്തുറപ്പിച്ച് സങ്കല്പമായും ആ സങ്കല്പത്തെ ആത്മനിർവൃതിയായും, യാഥാർത്ഥ്യമായും ക്രമപ്പെടുത്തികൊണ്ടുവന്ന് അനുഭവത്തിന്റെ , സമാധാനത്തിന്റെ സാക്ഷ്യപത്രങ്ങളായീ ഓരോരോ മനുഷ്യന്റേയും നൈതികജീവിതഭാവങ്ങളുമായി പൊരുത്തപ്പെടുത്തീ ഒരു ജീവരാശിയുടെ മൊത്തം അഗാധമായ അച്ചടക്കബോധത്തിന്റെ മൂല്യമായി നിലനിർത്തപ്പെടുന്നൂവെന്നതാണ് ഈ സംസാകാരത്തിന്റെ മഹത്വവും!
അത്കൊണ്ട് തന്നെയാണ് കഠിനമായ കലിയുഗത്തിലെ നാസ്തികവും ഭൗതികവുമായ ഏത് പ്രതിബന്ധങ്ങളിലും സ്വാധീനങ്ങളിലും ഒട്ടും തകർന്നടിയാതേയും ചോർന്നുപോവാതേയും എന്നും നിലനില്ക്കുന്ന ഒരുപക്ഷേ , ഭാരതത്തിനുമാത്രം അവകാശപ്പെടാവുന്ന ഈ മഹത്തായ പാരന്പര്യവും! ഈശ്വരീയതയും!!!
ജന്മജന്മാന്തരങ്ങളായീ അത് അത്രകണ്ട് ആഴത്തിൽ ഓരോജീവനിലും ചേർന്നലിഞ്ഞതാണ്! അതുകൊണ്ടുതന്നെയാണ് ഈ മഹത്തായ സംസ്കൃതിയേയും വിശ്വാസപ്രമാണങ്ങളേയും ഒരിയ്ക്കലും , വ്യതിചലിപ്പിയ്ക്കാനോ യുക്തിയുടെ പരിമിതമായ ശാസ്ത്രബോധങ്ങളാൽ മൂല്യശോഷണംവരുത്താനോ കഴിയാത്തതും! ഇനിയൊരുനാളും കഴിയാതെവരുന്നതും……!!!

