സിനഡിൽ അഭിപ്രായവ്യത്യാസം രൂക്ഷം. ഒരുകൂട്ടം മെത്രാന്മാർ വിയോജനകുറിപ്പുമായി രംഗത്ത്
ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ എല്ലാവരും സഭാകൂട്ടായ്മയിൽനിന്ന് സ്വയമേവ പുറത്താകും എന്ന സർക്കുലറിലെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മെത്രാന്മാർ കത്ത് എഴുതിയത്.
_
എറണാകുളം : എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കം വീണ്ടും വിവാദത്തിലേക്ക്.മുൻകൂട്ടി തീരുമാനിച്ച് അനവസരത്തിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം മഹറോൻ ശിക്ഷക്കായി ഒരുങ്ങുന്ന ഏകപക്ഷീയമായ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള മെത്രാന്മാർ.
അതിരൂപതയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട്, 2024 ജൂലൈ 3 മുതൽ അതിരൂപതയിലെ എല്ലാ പള്ളികളിലും സിനഡ് അംഗീകരിച്ച ഏകീകൃതകുർബാന അർപ്പിക്കണം എന്ന് മേജർ ആർച്ച് ബിഷപ്പ് സർക്കുലർ മുഖേന അന്ത്യശാസനം നൽകിയിരുന്നു. ഇതിനെതിരെ എറണാകുളം അതിരൂപത അംഗങ്ങളായ അഞ്ച് മെത്രാന്മാർ ഒരുമിച്ച് സിനഡിന് സമർപ്പിച്ച എതിരഭിപ്രായം (Discent Note) പുറത്തായി. ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ എല്ലാവരും സഭാകൂട്ടായ്മയിൽനിന്ന് സ്വയമേവ പുറത്താകും എന്ന സർക്കുലറിലെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മെത്രാന്മാർ കത്ത് എഴുതിയത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ പുറത്താക്കുക എന്നത് സഭയുടെ ശൈലി അല്ലെന്നും, വെറുമൊരു അനുഷ്ഠാനത്തിന്റെ പേരിൽ കടുംപിടുത്തം പിടിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും മെത്രാന്മാർ ഓർമിപ്പിച്ചു. എറണാകുളം അതിരൂപതയിലെ വിശ്വാസികളെയും വൈദികരെയും സഭയോട് ചേർത്തുനിർത്തി, അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു. അതിന് മുൻകൈയെടുക്കാൻ തങ്ങൾ തയ്യാറാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

