പെൺകുട്ടികൾ എങ്ങനെ മുംബൈയിൽ?
മലപ്പുറം ∙ താനൂരിൽനിന്നു കാണാതായ പെൺകുട്ടികളെ തിരിച്ചു കിട്ടിയെങ്കിലും കുറെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കി.താനൂരിൽനിന്നു കാണാതാവുകയും പിന്നീട് പുണെയിലെ ലോണാവാലയിൽ കണ്ടെത്തുകയും ചെയ്ത ഈ പെൺകുട്ടികളുടെ വൈദ്യ പരിശോധനകൾ പൂർത്തിയായി. ഇരുവരെയും പുണെയിലെ കെയർ ഹോമിലേക്ക് മാറ്റി. മഹാരാഷ്ട്ര റെയിൽവേ പൊലീസിന്റെ സംരക്ഷണയിലുള്ള കുട്ടികളെ താനൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാലുടൻ കൈമാറും.
കുട്ടികൾ മാതാപിതാക്കളോട് ഫോണിൽ സംസാരിച്ചു. തങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞു. നാട്ടിലെത്തിയാൽ മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കുമെന്നും നാട്ടുകാരുടെ ഉൾപ്പെടെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകുമെന്നുമുള്ള ആശങ്കകൾ കുട്ടികൾ പങ്കുവച്ചിരുന്നു. അതിനാൽ ഇവർക്ക് കൗൺസലിങ് ഉൾപ്പെടെ നൽകാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്.
16 വയസ്സുള്ള പെൺകുട്ടികൾ മറ്റുള്ളവരുടെ സഹായമില്ലാതെ എങ്ങനെ മുംബൈയിൽ എത്തി എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. മുംബൈയിൽ എത്തിയ രണ്ടു പെൺകുട്ടികളും കൂടി 10,000 രൂപ ചെലവാക്കിയാണ് ഹെയർ ട്രീറ്റ്മെന്റ് ചെയ്തത്. കുട്ടികളുടെ കയ്യിൽ ഇത്രയും പണം എങ്ങനെ ലഭിച്ചെന്ന സംശയത്തിനും ഉത്തരമില്ല. പരീക്ഷ നടക്കുന്ന സമയമായിട്ടും ഇത്തരം ഒരു യാത്രയ്ക്ക് ഇവരെ പ്രേരിപ്പിച്ചത് എന്താണെന്നും അറിയില്ല. ഇവർക്കൊപ്പം മുംബൈയിലേക്ക് പോയ ഇടവണ്ണ സ്വദേശിയായ യുവാവ് ഇതിനോടകംതന്നെ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു.
