റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവി
തിരുവനന്തപുരം : റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയാകും. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന റവാഡ, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും.
ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്‌സി നല്‍കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലെ രണ്ടാമത്തെ പേരുകാരനായിരുന്നു ഇദ്ദേഹം. നിധിന്‍ അഗര്‍വാളായിരുന്നു ഒന്നാം പേരുകാരന്‍. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറും നിധിനായിരുന്നു. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയായിരുന്നു മൂന്നാംപേരുകാരന്‍.

