മാസപ്പടി കേസ്.സർക്കാർ നിലപാടിൽ പുകഞ്ഞ് കോൺഗ്രസ്
തിരുവനന്തപുരം: മാസപ്പടി കേസിലെ സർക്കാർ നിലപാടിൽ പുകഞ്ഞ് കോൺഗ്രസ്. വിമർശനം ഒളിപ്പിച്ച പോസ്റ്റുമായി സി.ആർ മഹേഷ് എം.എൽ.എ രംഗത്തെത്തി. മാസപ്പടി കേസിലെ സർക്കാർ നിലപാട് വിവാദമാകുന്നതിനിടെ ഗോഡ്ഫാദർ സിനിമയിൽ എൻ.എൻ പിള്ളയുടെ ‘അഞ്ഞൂറാൻ’ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് സി.ആർ മഹേഷ് എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചു.
പഴയതെല്ലാം മറന്നുകൂടെ?” എന്ന് കൊല്ലം തുളസിയുടെ കഥാപാത്രം ചോദിക്കുമ്പോൾ ”മറക്കണോ? പഴയതെല്ലാം ഞാൻ മറക്കണോ? എന്തൊക്കെയാടോ മറക്കേണ്ടത്?” എന്ന് ചോദിക്കുന്ന രംഗമാണ് സി.ആർ മഹേഷ് പങ്കുവെച്ചത്.”തൽക്കാലം ഇത് ഇവിടെ കിടക്കട്ടെ ബാക്കി പിന്നെ” എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പോസ്റ്റിന് താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രമടങ്ങുന്ന കമൻറുകൾ പ്രത്യക്ഷപ്പെട്ടു. ആരോപണത്തിൽ ഇഡി, എസ്എഫ്ഐഒ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകൾക്ക് പിന്നാലെ, വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ എഫ്ഐആർ ഇടാൻ തക്ക തെളിവുകൾ നിലവിലില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമേ ആവശ്യമുള്ളൂവെന്നുമുള്ള സർക്കാർ നിലപാട് ആണ് വിവാദമായത്

