എംഎല്‍എ ഓഫീസ് വിവാദം. മുൻ എംഎൽഎ ശബരിനാഥനും രംഗത്ത്
തിരുവനന്തപുരം : വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്തിനോട് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ എന്ന നിലയില്‍ ആര് ശ്രീലേഖ ആവശ്യമുന്നയിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുന്നു മുന്‍ ഡിജിപിയും തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ തൊടുത്തുവിട്ട ഒരു നീക്കം വന്‍വിവാദമായി.
കഴിഞ്ഞ എട്ട് വര്‍ഷമായി വികെ പ്രശാന്ത് എംഎല്‍എ ഓഫീസായി ഉപയോഗിക്കുന്ന കോര്‍പറേഷന്റെ കെട്ടിടമാണ് ഒഴിഞ്ഞു കൊടുക്കാന്‍ ആര് ശ്രീലേഖ ആവശ്യപ്പെട്ടത്. ബിജെപി തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിച്ചതോടെ വിവാദ ഉത്തരവുകള്‍ പ്രതീക്ഷിച്ച സിപിഐഎമ്മിന് വീണുകിട്ടിയ വിഷയമായിരുന്നു എംഎല്‍എ ഓഫീസ് ഒഴിയാനായുള്ള അഭ്യര്‍ത്ഥന.
പുതിയ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ആര് ശ്രീലേഖയുടെ ആവശ്യം തികച്ചും ബാലിശമാണെന്ന നിലപാടില്‍ ഉറച്ചു നിന്നു വികെ പ്രശാന്ത്. താന്‍ എംഎല്‍എയാണെന്നും, ഒരു ഡിവിഷന് കൗണ്‍സിലറുടെ അധികാരം പരിമിതമാണെന്നുമായിരുന്നു എംഎല്‍എയുടെ ആദ്യ പ്രതികരണം. താന്‍ വാടക കൊടുത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് എംഎല്‍എ വ്യക്തമാക്കിയത്. എന്നാല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തന്നെ ഓഫീസായി വേണമെന്ന് എംഎല്‍എ വാശിപിടിക്കുന്നത് ശരിയല്ലെന്നും, എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് റൂമുകള്‍ എംഎല്‍എയായ പ്രശാന്തിന്റെ കൈയിലാണെന്നും, ഇത് ഓഫീസായി ഉപയോഗിക്കാവുന്നതല്ലേ എന്നുമാണ് കൗണ്‍സിലര്‍ കൂടിയായ കെ എസ് ശബരിനാഥന്റെ പ്രതികരണം. ഇതോടെയാണ് വിഷയം കൂടുതല്‍ വിവാദമായത്.

