BreakingCrimeKeralaOthers

ജെസ്ന മരിയ ജയിംസിന്റെ തിരോധാനം. അന്വേഷണം തുടരാൻ സിബിഐ

പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്തമല്ല

പത്തനംതിട്ട:  വെച്ചൂച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി ഗെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തും. 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.

ജെസ്നയെ കാണാതായ ആദ്യ 48 മണിക്കൂറിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പോലീസിന് അലംഭാവം ഉണ്ടായെന്ന് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഘട്ടത്തിൽ ശേഖരിക്കേണ്ട തെളിവുകൾ ശേഖരിച്ചില്ല. അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ജെസ്ന ജീവിച്ചിരിക്കുന്നതായുള്ള സൂചനകൾ നൽകി. അടിസ്ഥാനരഹിതമായ കാര്യമായിരുന്നു ഇതെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്.

2018 മാർച്ച് 22നാണ് കോട്ടയം കഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജെസ്ന ജയിംസിനെ എരുമേലിയിൽ നിന്ന് കാണാതായത്. മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പോലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.

കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്തമല്ല. ജെസ്നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ് സിബിഐയിലേക്കെത്തിയത്.
എന്ത് പറ്റിയെന്ന് അറിയില്ല: സിബിഐ
ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു നേരത്തേ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *