സിപിഐയിലും ലൈംഗികാതിക്രമ പരാതി.
ആലപ്പുഴ ∙ ലൈംഗിക അതിക്രമ പരാതികൾ വീണ്ടും തുടർക്കഥയാകുന്നു.ജില്ലയിൽ സിപിഎമ്മിനു പിന്നാലെ സിപിഐയിലും ലൈംഗികാതിക്രമ പരാതി. തെക്കൻ മേഖലയിലെ ഒരു ജില്ലാ കൗൺസിൽ അംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തോടു പരാതി പറഞ്ഞത് പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗം തന്നെയാണ്. എന്നാൽ, ഇതുവരെ നടപടിയൊന്നുമില്ല.
തിരുവനന്തപുരത്തു ജോലി ചെയ്യുന്ന യുവതി പാർട്ടി സംസ്ഥാന സെക്രട്ടറിയെ നേരിട്ടു കണ്ടാണു പരാതിപ്പെട്ടതായാണ് സൂചന.പാർട്ടി അന്വേഷിക്കാമെന്ന് ഉറപ്പും നൽകി. പക്ഷേ, ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. വിഷയം പാർട്ടി സംവിധാനത്തിൽ അന്വേഷിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. നടപടിയെടുത്തതായി പ്രവർത്തകർക്ക് അറിയുകയുമില്ല. യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. മുൻപ് എഐഎസ്എഫ് ജില്ലാ ഭാരവാഹിയായിരുന്ന പ്രവാസിയുടെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ച നേതാവ് വൻ തുകയും സ്വർണവും തട്ടിയെടുത്തെന്നു ബന്ധുക്കൾ പറയുന്നു. ദമ്പതികൾ അടുത്തിടെ വിവാഹമോചനം നേടിയെങ്കിലും ആ പ്രശ്നത്തിലും പാർട്ടി നടപടിയെടുത്തില്ല എന്നാണ് സൂചന . ജില്ലാ കൗൺസിൽ അംഗത്തിനെതിരെ സമാനമായ ഒന്നിലേറെ പരാതി ഉയർന്നിട്ടും നേതൃത്വം നടപടിയെടുക്കാത്തത് പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

