പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽഗാമിലേക്ക് വിനോദസഞ്ചാരത്തിന് പോയവർക്ക് നേരെ ഭീകരാക്രമണം നടന്നത്. ദുരന്തത്തിന് ദൃക്സാക്ഷികളായ, തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ആ ദിവസത്തെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഇന്നും കഴിഞ്ഞിട്ടില്ല.കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൻ താഴ്വരയിലായിരുന്നു ആക്രമണം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കകർ ഇ ത്വയ്ബയുമായി ബന്ധമുള്ള ‘ദ റസിസ്റ്റൻസ് ഫ്രണ്ട്’ (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
നേപ്പാൾ സ്വദേശി ഉൾപ്പെടെ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മതം ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ആളുകൾക്ക് നേരെ വെടിയുതിർത്തത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ സാധാരണക്കാരുടെ മരണം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

