ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം. വിമർശനവുമായി ഹൈക്കോടതി
ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ മുനിസിപ്പാലിറ്റി വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി
എറണാകുളം: ഈരാറ്റുപേട്ട ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനാനുമതി നൽകുന്നതിന് സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ മുനിസിപ്പാലിറ്റി വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മുനിസിപ്പാലിറ്റി അനുമതി വൈകുന്നതിനെതിരെ സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് കെ വി ജയകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സർക്കാർ സർക്കുലർ പ്രകാരം ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് ആക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഈ സർക്കുലർ നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെന്നും ഹർജിയിൽ പറഞ്ഞു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിയുടെ അനുമതി ഇനിയും വൈകുകയാണെങ്കിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് സ്കൂൾ അധികൃതരോട് കോടതി നിർദേശിച്ചു.

