ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല*
തിരുവനന്തപുരം : ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പി പി ദിവ്യക്കെതിരായ ആരോപണം അന്വേഷണം ആവശ്യമായതാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനത്തിൽ തെറ്റില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

