BreakingCrimeKerala

പതിന്നാലുവർഷം മുൻപ്  കുളത്തിൽ മുങ്ങി മരിച്ച സംഭവം.കൊലപാതകമെന്ന് കുടുംബം

അന്നത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ആരും അതത്ര കാര്യമാക്കിയില്ല. കുളത്തിൽനിന്നു മൃതദേഹം കണ്ടെത്തിയതിനാൽ മുങ്ങിമരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.


തിരുവനന്തപുരം ഭരതന്നൂരിൽ പതിന്നാലുവർഷം മുൻപ് പതിമൂന്നുകാരൻ കുളത്തിൽ മുങ്ങി മരിച്ച സംഭവം  കൊലപാതകമാണെന്ന് ഉറപ്പിച്ച് ക്രെെംബ്രാഞ്ച്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ക്രെെംബ്രാഞ്ച് പൂർത്തിയാക്കി. പോലീസ് അന്വേഷണത്തിൽ മുങ്ങി മരണമെന്ന് കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. വർഷങ്ങൾക്കു ശമഷം കല്ലറ തുറന്ന് നടത്തിയ മൃതദേഹാവശിഷ്ട പരിശോധനയ്ക്കും അന്വേഷത്തിനുമൊടുവിലാണ് മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിരിക്കുന്നത്.

ഭരതന്നൂർ രാമരശ്ശേരി വിജയ വിലാസത്തിൽ വിജയകുമാറിൻ്റെയും ഷീജയുടെയും മകൻ ആദർശിനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിനു സമീപത്തുള്ള വയൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  ഈ മരണമാണ് കൊലപതാകമാണെന്ന് വ്യക്തമായിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രെെംബ്രാഞ്ച് മാതാ പിതാക്കൾക്ക് കൈമാറിയിട്ടുണ്ട്. മരണം നടന്ന് പതിനാല് വർഷങ്ങൾക്കു ശേഷമാണ് കൊലപാതകമാണെന്ന് അന്വേഷണ സംഘം തുറന്നു പറയുന്നത്.
വീട്ടിൽ നിന്ന് പാലുവാങ്ങാൻ പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. അന്നത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ആരും അതത്ര കാര്യമാക്കിയില്ല. കുളത്തിൽനിന്നു മൃതദേഹം കണ്ടെത്തിയതിനാൽ മുങ്ങിമരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതുകൊണ്ടു തന്നെ മുങ്ങികമരണമാണെന്ന രീതിയിലാണ് അന്ന് റിപ്പോർട്ട് തയ്യറാക്കിയതും.

എന്നാൽ ഈ മരണത്തിൽ സംശയമുണ്ടെന്ന് കർമസമിതിയും ബന്ധുക്കളും പരാതി ഉന്നയിച്ചതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. ക്രെെംബ്രാഞ്ച് ഏറ്റെടുത്തതിനു ശേഷമാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്. ഇതിനിടെ അന്വേഷണത്തിൻ്റെ ഭാഗമായി മൃതദേഹം കണ്ട കുളം വറ്റിച്ചു. അപ്പോഴാണ് നിർണ്ണായകമായ ആ തെളിവ് ലഭിച്ചത്. ആദർശിനെ മർദിച്ചതെന്ന് സംശയിക്കുന്ന മൺവെട്ടിക്കൈ ആയിരുന്നു അത്.

കൂടുതൽ അന്വേഷണത്തിൽ ആദർശിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ കുളത്തിനു സമീപത്തുനിന്നു കിട്ടി. ഇതിൽ നിന്ന് മരണം നടന്നിരിക്കുന്നത് ഇവിടെ വച്ചല്ലെന്നും ക്രെെംബ്രാഞ്ച് ഉറപ്പിച്ചു. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചതാകാമെന്ന വിലയിരുത്തലാണ് ക്രെെംബ്രാഞ്ചിൻ്റെ ഭാഗത്തു നിന്നുമുണ്ടായത്. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി 2019 ഒക്ടോബർ 14-ന് റീ പോസ്റ്റ്മോർട്ടത്തിനായി ശവക്കല്ലറ തുറന്നു. ആദർശിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വധേയമാക്കി.

റീപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആദർശിൻ്റെ തലയോട്ടി തകർന്നിരുന്നെന്നും നട്ടെല്ലിനു ക്ഷതമേറ്റന്നും കണ്ടെത്തി. മാത്രമല്ല ശ്വാസകോശത്തിൽ കുള ത്തിലെ വെള്ളമില്ലായിരുന്നു എന്നും വ്യക്തമായി. ഇതോടുകൂടി മുങ്ങിമരണസാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളയുകയായിരുന്നു. മരണം കൊലപാതകമാണെന്ന് ഉറപ്പിക്കുമ്പോഴും ആരാണ് കൊലപാതകിയെന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകി ജീവിച്ചിരുപ്പുണ്ടോ അതോ മരണപ്പെട്ടോ എന്ന കാര്യത്തിൽപ്പോലും സംശയം നിലനിൽക്കുകയാണ്. സിബിഐ. അന്വേഷണത്തിനുവേണ്ടി മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് ആദർശിൻ്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *