സ്വയംതൊഴിൽ പദ്ധതിക്ക് ബാങ്ക് വായ്പ അനുവദിക്കാത്ത വീട്ടമ്മയ്ക്ക് തണലായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇടുക്കി: സ്വയംതൊഴിൽ പദ്ധതിക്ക് വായ്പ അനുവദിക്കാത്ത ബാങ്ക് അധികൃതരുടെ നടപടിയെക്കുറിച്ച് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് തണലായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് സുരേഷ് ഗോപി സ്വന്തം ചെലവിൽ പുതിയ ഓട്ടോറിക്ഷ വാങ്ങി നൽകിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശ് ജീവിതശൈലീ രോഗങ്ങൾ മൂലം 13 വർഷമായി ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായതോടെ ഗംഗയുടെ തോളിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ ഭാരവും.
സ്വയംതൊഴിലിലൂടെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹത്തോടെ 7 വർഷം മുൻപാണ് ഗംഗ ഒരു ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ ഇവരെ മടക്കി അയക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30-ന് മൂലമറ്റത്ത് നടന്ന ‘കലുങ്ക് സൗഹൃദ സംഗമത്തിൽ’ പങ്കെടുത്തപ്പോഴാണ് ഗംഗയ്ക്ക് സുരേഷ് ഗോപിയുമായി നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചത്. ഇതിനായി ഇടുക്കിയിലെ വീട്ടിൽ നിന്നും 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഇവർ മൂലമറ്റത്ത് എത്തിയത്. കുടുംബ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്ര ലോൺ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ഗംഗ തുറന്നുപറഞ്ഞു. ഇതുകേട്ടയുടൻ തന്നെ, എന്നാൽ പിന്നെ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി ഗംഗയ്ക്ക് ഉറപ്പുനൽകുകയായിരുന്നു.

