സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം.
എറണാകുളം :ബസ് യാത്രക്കാരോടും കാൽനടയാത്രക്കാരോടും മാന്യമായി പെരുമാറാത്ത സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി യാത്രക്കാരോട് തോന്നുംവിധം പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഉൾപ്പെടെയുള്ളവ നിർബദ്ധമാക്കാനുള്ള നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് എം.വി.ഡി.
ഈയടുത്തായി വ്യപകമായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ നീക്കം. നിയമം ലംഘിച്ചാൽ 7,500 പിഴ ഈടാക്കുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിക്കും. കൂടാതെ, പി.സി.സിയില്ലാത്ത ജീവനക്കാരെ ജോലിക്കെടുത്താൽ ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന മുന്നറിയിപ്പും വകുപ്പ് നൽകി.
പരാതി വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിൽ എം.വി.ഡി ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂരിഭാഗം ജീവനക്കാരുടെയും കൈയിൽ പി.സി.സി. സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഇതോടെയാണ് പരിശോധനയും നടപടിയും കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്.

