അടൂര്‍ പ്രകാശിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്
തിരുവനന്തപുരം: അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. വളരെ മുതിര്‍ന്ന നേതാവാണ് അടൂര്‍ പ്രകാശെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ തീരുമാനങ്ങളുണ്ടെന്നും ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് കത്ത് നല്കി.
അടൂര്‍ പ്രകാശ് വളരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവമാണ് പങ്കുവച്ചത്. അദ്ദേഹത്തിന് അത് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. മാധ്യമങ്ങളിലൂടെയല്ല കാര്യമറിയേണ്ടത് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അവകാശമാണ് – ജെബി പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കഴിഞ്ഞ മൂന്ന് മാസമായി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം കെപിസിസി പ്രസിഡന്റിനോട് വ്യക്തിപരമായും ഫോണിലൂടെയും ഇ -മെയിലിലൂടെയും കത്തും കൊടുത്തിട്ടുണ്ട്. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയുക എന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു അച്ചടക്കമുള്ള പ്രവര്‍ത്തക എന്ന നിലയിലാണ് കത്ത് കൊടുത്തത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ പാര്‍ട്ടിക്കുള്ളിലാണ് പറയാറുള്ളത് – അവര്‍ വ്യക്തമാക്കി. ബോര്‍ഡ് കോര്പ്പറേഷന് പ്രധാന പദവികളില്‍ താത്പര്യമില്ലാത്ത ആളുകളെ പരിഗണിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസിനും പരാതിയുണ്ട്.

