അടൂർ പ്രകാശിന്റെ പരാതി. എഐസിസിയുടെ പ്രതികരണം കാത്ത് നേതാക്കൾ
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതിയിൽ എഐസിസിയുടെ പ്രതികരണം കാത്ത് നേതാക്കൾ. പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്.ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്. ഇന്നലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചു. രാഹുൽ ഗാന്ധിയെക്കൂടി വിവരങ്ങൾ ധരിപ്പിക്കാനാണ് നീക്കം. കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണാൻ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും, ജിഎസ്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അടൂർ പ്രകാശിന്റെ പരാതി ചർച്ചയായി.
Advertisement
Read Also: ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ. ഇന്നലെ, മല്ലികാർജുൻ ഖർഗെയുമായി സണ്ണി ജോസഫ് വിഷയം ചർച്ച ചെയ്തിരുന്നു. പാർട്ടിയിൽ പറയേണ്ട കാര്യം അടൂർ പ്രകാശ് പുറത്ത് പറഞ്ഞത് കടുത്ത അച്ചടക്ക ലംഘമെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം. അടൂർ പ്രകാശിന് എതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ഇയാൾ അറിയാതിരുന്നത് നന്നായെന്ന് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെ, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പരിഹസിച്ചു.

