സീബെറി ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് കൊച്ചിയിൽ
കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോളവൽക്കരണവും വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന ‘ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് 2026’ നവംബർ നാലിന് കൊച്ചിയിൽ നടക്കും. വ്യവസായ പ്രമുഖർ, യൂറോപ്പിൽ നിന്നുള്ള വിതരണക്കാർ, എംപെഡ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബിസിനസ്സ് വിപുലീകരണം മുൻനിർത്തി ഒരു അന്താരാഷ്ട്ര കമ്പനിയുമായും രണ്ട് ഇന്ത്യൻ കമ്പനികളുമായും സീബെറി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും.
രണ്ട് പതിറ്റാണ്ടിലേറെയായി മാംസ-സമുദ്രോൽപ്പന്ന വിതരണ-കയറ്റുമതി രംഗത്ത് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് സീബെറി. വിപണികളെ തമ്മിൽ ബന്ധിപ്പിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ബിസിനസ്സ് വളർച്ചയ്ക്ക് പ്രായോഗിക മാർഗ്ഗങ്ങൾ രൂപീകരിക്കുകയാണ് ഉച്ചകോടിയിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
രണ്ട് സെഷനുകളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ ആഗോള ഭക്ഷ്യ വിപണികളിലെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യും. അന്താരാഷ്ട്ര തലത്തിലുള്ള ഉൽപ്പന്ന നിയമങ്ങൾ, വിലനിർണ്ണയം, ലോജിസ്റ്റിക്സ്, ഉപഭോക്തൃ പ്രതീക്ഷകൾ എന്നിവ വിലയിരുത്തും. സമുദ്രോൽപ്പന്നങ്ങൾ, മാംസം എന്നിവയുൾപ്പെടുന്ന ഇന്ത്യയുടെ പ്രോട്ടീൻ വ്യവസായ മേഖലയിലെ സാധ്യതകളും സ്കെയിലിംഗ് തന്ത്രങ്ങൾക്കുമാണ് രണ്ടാമത്തെ സെഷൻ ഊന്നൽ നൽകുന്നത്.
മാറുന്ന ഉപഭോഗ രീതികൾക്കൊപ്പം ഭക്ഷ്യ സംസ്കരണം, കോൾഡ്-ചെയിൻ അടിസ്ഥാന സൗകര്യങ്ങൾ, വിതരണ ശൃംഖല എന്നിവ നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും സമ്മിറ്റിൽ ചർച്ച ചെയ്യും. ഹോറെക, റീട്ടെയിൽ മേഖലകളിൽ പുതിയ ബിസിനസ്സ് മാതൃകകൾ രൂപീകരിക്കാനും സംരംഭകർക്ക് മികച്ച വാണിജ്യ തീരുമാനങ്ങളെടുക്കാനും ഈ തുറന്ന ചർച്ചകൾ വഴിയൊരുക്കും.

