പത്മജ വേണുഗോപാല്‍ തിരികെ കോണ്‍ഗ്രസിലേക്ക്
തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് പത്മജ വേണുഗോപാല്‍ രാജിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് നല്കി. ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനമെന്നും, അത് തെറ്റായിപ്പോയെന്നുമാണ് പത്മജയുടെ പ്രതികരണം. പത്മജ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. പത്മജയ്ക്കൊപ്പം യുവമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മനു പള്ളത്തും ബിജെപിയില്‍ നിന്ന് രാജിവെച്ചു.
നേതൃത്വത്തിലെ ആരും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് പത്മജയുടെ പരാതി. ആദ്യം മുകുന്ദപുരം ലോക്സഭാ മണ്ഡലം, പിന്നീട് തൃശൂര്‍ നിയമസഭ മണ്ഡലം രണ്ടിടങ്ങളിലും മത്സരിച്ചിട്ടും പരാജയപ്പെട്ടതോടെ തൃശൂര്‍ ഡിസിസി നേതൃത്വവുമായി കലഹിച്ച പത്മജ വേണുഗോപാല്‍ ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പത്മജ തൃശൂരില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ അവര്‍ ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗവുമായി പൂര്‍ണ്ണമായി അകന്നു.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെട്ടാല്‍ ഭരണഘടന പദവിയടക്കം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പത്മജയോട് അടുപ്പമുള്ള ആളുകള്‍ പറയുന്നത്. എന്നാല്‍, തോല്‍വിക്ക് ശേഷം നേതൃത്വം അപ്പാടെ അവഗണിക്കുന്നു എന്നാണ് അവരുടെ പരാതി. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപി വേദികളില്‍ പത്മജ കാര്യമായി എത്തിയതുമില്ല. ഇതിനിടെ തൃശൂരില്‍ നിന്നു തന്നെയുള്ള ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയില്‍ തന്റെ റോള്‍ കഴിഞ്ഞുവെന്ന് തിരിച്ചറിവിലേക്ക് പത്മജയെ എത്തിയതെന്നാണ് സൂചന. പത്മജയുടെ കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

