BreakingKeralaPolitics

നിലപാട് കടുപ്പിക്കാൻ കെപിസിസി പ്രസിഡന്‍റും കെസി പക്ഷവും

തിരുവനന്തപുരം: ചര്‍ച്ചയില്ലാതെ തീരുമാനമെടുക്കുന്നതിൽ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ മന്ത്രിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെ നിലപാട് കടുപ്പിക്കാൻ കെപിസിസി പ്രസിഡന്‍റും കെസി പക്ഷവും. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനം എടുക്കുന്നില്ലെന്നാണ് മന്ത്രി കെ.മുരളീധരന്‍റെ മറുപടി. അതേ സമയം അവഗണനയ്ക്കെതിരെ ഹൈക്കമാൻഡിന പരാതി അറിയിക്കാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടി അനുകൂലികള്‍. ഇനി കൂടിയാലോചനയില്ലാതെ പറ്റില്ലെന്നാണ് കെസി വേണുഗോപാൽ പക്ഷം തീർത്ത് പറയുന്നത്. എവിടെ ചര്‍ച്ച ചെയ്തു തീരുമാനിച്ചുവെന്ന് ചോദ്യവുമായി മുഖ്യമന്ത്രിയുടെ പിഎസ് സി പട്ടിക മന്ത്രിസഭയിൽ എതിര്‍ത്ത കെസി പക്ഷം നൽകുന്ന മുന്നറിയിപ്പ് ഇതാണ്.
ദേവസ്വം ബോര്‍ഡ് നിയമന തര്‍ക്കം നിലനില്‍ക്കെയാണ് അതിവേഗം തീരുമാനം വേണമെന്ന നിര്‍ദ്ദേശവുമായി ഔട്ട് ഓഫ് അജണ്ടയായി പിഎസ്സി പട്ടികയും മുഖ്യമന്ത്രി കൊണ്ടുവന്നത്. അത്തരം നീക്കങ്ങള്‍ ഇനിയങ്ങോട്ട് എളുപ്പമാകില്ലെന്ന സന്ദേശമാണ് കെസി പക്ഷം മന്ത്രിസഭാ യോഗത്തിൽ നൽകിയത്. കെപിസിസി പ്രസിഡന്‍റിനെ പോലും കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ മന്ത്രിമാര്‍ ചോദ്യം ചെയ്തതിന് സണ്ണി ജോസഫ് പിന്തുണച്ചതോടെ തര്‍ക്കത്തിന്‍റെ മാനം മാറി. ഇനി പാര്‍ട്ടിയറിയാതെ തീരുമാനങ്ങളെടുക്കാൻ അനുവദിക്കില്ലെന്ന നിലയിൽ നിലപാട് ശക്തമാക്കുകയാണ് കെപിസിസി പ്രസിഡന്‍റും. പല വിധ പരാതികള്‍ അറിയിച്ച എംഎൽഎമാരും കെപിസിസി ഭാരവാഹികളും അധ്യക്ഷൻ ശക്തമായ സമീപനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം തര്‍ക്കമുണ്ടായെങ്കിലും പിഎസ്സി പട്ടികയിൽ മുഖ്യമന്ത്രി കണക്കു കൂട്ടിയിടത്ത് കാര്യങ്ങള്‍ എത്തിയെന്ന വിലയിരുത്തലിലാണ് വിഡി പക്ഷം. മന്ത്രിസഭയിലേതു പോലെ പുറത്തും പൂര്‍ണമായും മുഖ്യമന്ത്രിയെ ശരിവയ്ക്കുകയാണ് കെ.മുരളീധരൻ ചെയ്തത്. തര്‍ക്കങ്ങളുണ്ടാക്കി സര്‍ക്കാരിന്‍റെ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നുവെന്ന് വിമര്‍ശനമാണ് വി ഡി പക്ഷത്തിന്‍റേത്. പുതിയ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എതിര്‍ നീക്കത്തിന് ശക്തി ചോരുമെന്ന കണക്കു കൂട്ടലുമുണ്ട്. പാര്‍ട്ടിയിൽ ചര്‍ച്ച ആവശ്യം ഉന്നയിക്കുമ്പോള്‍ മുഴുവൻ സമയ കെപിസിസി പ്രസിഡന്‍റ് വൈകുന്നതിൽ വിമര്‍ശനവും വിഡി പക്ഷത്തിനുണ്ട്. അതേ സമയം പരാതി പറഞ്ഞിട്ടും അവഗണിക്കുന്നതിലെ അമര്‍ഷത്തിലാണ് എ ഗ്രൂപ്പ്. പിഎസ്സി , ദേവസ്വം നിയമനങ്ങളിൽ ഉമ്മൻ ചാണ്ടി അനുകൂലികളെ പരിഗണിച്ചില്ലെന്നാണ് പരാതി. താഴെ തട്ടിൽ യോഗങ്ങള്‍ വിളിച്ച് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് ഉമ്മൻ ചാണ്ടി അനുകൂലികള്‍.

Leave a Reply

Your email address will not be published. Required fields are marked *