BreakingKeralaPolitics

തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നു. മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനമെടുക്കുന്നെന്ന വിമര്‍ശനം ശരിച്ചവച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നത് ഒരിക്കലും ശരിയല്ലെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കഴിയുന്നത്ര ആളുകളുമായി ആലോചിച്ച് തീരുമാനങ്ങളിലേക്ക് എത്തുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ചില കാര്യങ്ങളില്‍ ആലോചന നടന്നിട്ടുണ്ട്. ആലോചന പൂര്‍ണമാകാത്ത ചില കാര്യങ്ങളുമുണ്ട്. ഇന്നലെ ഞങ്ങള്‍ സംസാരിച്ചു. ധാരണയിലെത്തി. തര്‍ക്കങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഏകപക്ഷീയമാകുന്നത് ഒരിക്കലും ശരിയല്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആ ഒരു ശൈലിയല്ല. എല്ലാവരുമായിട്ടും ചര്‍ച്ച ചെയ്യണമെന്നാണ് എല്ലാവരുടെയും അഭിപ്രായം.ഏകപക്ഷീയമാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അങ്ങനെയായിട്ടില്ല – അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമെന്ന് മന്ത്രി എം ലിജു പ്രതികരിച്ചു. തീരുമാനങ്ങള്‍ എടുക്കേണ്ട വേദിയാണ് മന്ത്രിസഭ. അവിടെ ചര്‍ച്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികം – അദ്ദേഹം പറഞ്ഞു.അതേസമയം, മുഖ്യമന്ത്രിയെ പിന്തുണച്ചായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കും. ഒരു ഏകപക്ഷീയമായ തീരുമാനങ്ങളും എടുത്തില്ല. എല്ലാം ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രി തന്റെ അഭിപ്രായം പറയുകയും എല്ലാവരും അത് കേട്ടിരിക്കുകയും ചെയ്യുന്ന സിപിഐഎമ്മിന്റെ ശൈലി അല്ല കോണ്‍ഗ്രസിന്റേത് – അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ ഏറാന്‍ മുളികളായി പത്ത് വര്‍ഷം കണ്ട അവസ്ഥയല്ല ഇപ്പോഴെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. പിഎസ്‌സി അംഗങ്ങളുടെ പട്ടികയെ ചൊല്ലി മന്ത്രിസഭയില്‍ തര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടിലാണ് കെ എം ഷാജിയുടെ പ്രതികരണം. സംഘടനയില്‍ കാര്യങ്ങള്‍ ചോദിച്ചു ശീലിച്ചെന്നും, മന്ത്രിസഭയിലും ചോദിക്കാന്‍ ഉള്ളത് ചോദിക്കുമെന്നും കെ എം ഷാജി പറഞ്ഞു.
ഇതിനിടെ, മന്ത്രിസഭ യോഗത്തിലെ തര്‍ക്കം പുറത്തായതിന് പിന്നാലെ മന്ത്രി എ പി അനില്‍കുമാറിന് നേരെ സൈബര്‍ ആക്രമണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *