BreakingIndia

നവജാത ശിശു കരയാതിരിക്കാൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്‌സ്

മുംബൈ: നവജാത ശിശു കരയാതിരിക്കാൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. മഞ്ഞപ്പിത്തം ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്ററൊട്ടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ നഴ്‌സിനെ സസ്‌പെൻഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനായിരുന്നു സംഭവം.

ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആൺകുഞ്ഞിന്റെ ചുണ്ടിലാണ് കരയാതിരിക്കാനായി നഴ്‌സ് പ്ലാസ്റ്ററൊട്ടിച്ചത്. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന നിരവധി കുഞ്ഞുങ്ങളുടെ മുഖത്ത് നഴ്‌സ് ഇതുപോലെ പ്ലാസ്റ്ററൊട്ടിച്ചിരുന്നതായി പ്രിയ പറഞ്ഞു. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു പ്രിയയുടെ കുഞ്ഞ്.

രാത്രി മുലപ്പാൽ നൽകാൻ തീവ്രപരിചരണ വിഭാഗത്തിലെത്തിയപ്പോഴാണ് ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചതായി കണ്ടത്. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്‌സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകാനായിരുന്നു നിർദ്ദേശം. രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്‌സ് വഴങ്ങിയില്ല.

ഇതോടെ പ്രിയ റൂമിലേക്ക് പോവുകയും രാത്രി ഒരുമണിയോടെ വീണ്ടും ഇവിടെയെത്തുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. ഇതു ചോദ്യം ചെയ്തതോടെ നഴ്‌സ് പൊട്ടിത്തെറിച്ചു.

പിന്നീട് സ്ഥലം കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്‌സിനെതിരേ നടപടിയെടുത്തത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *