BreakingKeralaPolitics

പാലം കടക്കും വരെ നാരായണ. പാലം കടന്നാൽ കൂരായണ.രാജ്മോഹൻ ഉണ്ണിത്താനെ ഉന്നംവെച്ച് യൂത്ത് കോൺഗ്രസ്‌



കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെ ഉന്നംവെച്ച് യൂത്ത് കോൺഗ്രസ്‌. ‘പാലം കടക്കും വരെ നാരായണ പാലം കടന്നാൽ കൂരായണ’. പരിഹാസ കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ കാസഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജിലാണ് കാർട്ടൂൺ പങ്കുവെച്ചത്.ജില്ലയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (APP) നിയമനത്തെച്ചൊല്ലി കാസർകോട് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. വിഷയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നിലപാടുകളെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പൂർണമായും തള്ളി.
ഇടതുപക്ഷ അഭിഭാഷക സംഘടനയിൽ അംഗമായ അഡ്വ. എ. വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ജില്ലാ പ്രസിഡൻ്റ് കെ.ആർ. കാർത്തികേയൻ വ്യക്തമാക്കി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) നൽകിയ ശുപാർശ പട്ടികയിൽ വിദ്യാധരൻ നമ്പ്യാരുടെ പേരുണ്ടായിരുന്നില്ലെന്നും, ഡിസിസി നിർദ്ദേശിക്കാത്ത ഒരാൾക്ക് എങ്ങനെ നിയമനം ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും കെ. ആർ. കാർത്തികേയൻ ആവശ്യപ്പെട്ടു.
നിയമനത്തിലെ യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ, യൂത്ത് കോൺഗ്രസ് വ്യാജ മെമ്പർഷിപ്പ് ഉണ്ടാക്കിയെന്ന എംപിയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാർത്തികേയൻ തിരിച്ചടിച്ചു.
പോര് മുറുകുന്നതിനിടെ, യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പരിഹാസ കാർട്ടൂൺ വീഡിയോ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘പാലം കടക്കും വരെ നാരായണ, പാലം കടന്നാൽ കൂരായണ’ എന്ന വാചകത്തോടെയുള്ള വീഡിയോ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവർത്തകരെ മറന്നു എന്ന സൂചന നൽകുന്നതാണ് ഈ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *