ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി കെപിസിസി അധ്യക്ഷൻ
ന്യൂഡൽഹി : സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയെ കാണും. സർക്കാർ, പാർട്ടി തലങ്ങളിലെ പ്രതിസന്ധി രാഹുൽ ഗാന്ധിയെ ധരിപ്പിക്കും. ഇരുപക്ഷങ്ങളുടെയും പരാതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സണ്ണി ജോസഫ് ഇന്നലെ ധരിപ്പിച്ചിരുന്നു. രാജ്മോഹന് ഉണ്ണിത്താൻ്റെ പ്രകോപനമടക്കം വിശദാംശങ്ങൾ ദീപ ദാസ് മുൻഷി രാഹുൽ ഗാന്ധിയേയും അറിയിച്ചിരുന്നു.സംസ്ഥാന കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഇന്നലെ നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചു. രാജ്മോഹന് ഉണ്ണിത്താനെ ഇറക്കി സ്ഥിതി വഷളാക്കിയതിന് പിന്നിൽ വി ഡി സതീശനാണെന്ന കെ സി പക്ഷത്തിൻ്റെ പരാതിയും സർക്കാരിൻ്റെ ശോഭ കെടുത്താൻ മന്ത്രിസഭ യോഗത്തിലെ വിവരങ്ങൾ പുറത്താക്കിയതിന് പിന്നിൽ കെസിയെന്ന വി ഡി പക്ഷത്തിൻ്റെ പരാതിയും ഹൈക്കമാൻഡിനെ ധരിപ്പിച്ചെന്നാണ് വിവരം. കേരളത്തിലെ സാഹചര്യം സങ്കീർണ്ണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഖർഗയെ ധരിപ്പിച്ചു.

